നിലമ്പൂര്‍: മിൽമയുടെ ഫോഡർ ഹബും വ്യാപാര സമുച്ചയവും നിലമ്പൂർ ടൗണിൽ തുറന്നു. മില്‍മ ഷോപ്പിയും മില്‍മ പാര്‍ലറും വ്യാപാര സമുച്ചയത്തിൽ തുറന്നിട്ടുണ്ട്. റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതി ഭാഗമായാണ് ഫോഡര്‍ ഹബുകള്‍ സ്ഥാപിക്കുന്നത്. ക്ഷാമകാലത്ത് കര്‍ഷകര്‍ക്ക് ന്യായവിലയ്ക്ക് തീറ്റപ്പുല്ല് ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് വീടുവെച്ച് നല്കുന്ന ക്ഷീര സദനം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. സാമൂഹിക പെന്‍ഷനും ക്ഷീരകര്‍ഷക പെന്‍ഷനും ഏകീകരിച്ച് നല്‍കുന്നത് ക്ഷീര കര്‍ഷകരോടുള്ള ദ്രോഹമാണെന്നും ഇക്കാര്യം അടുത്ത നിയമസഭ സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും എം.എൽ.എ പറഞ്ഞു.
മില്‍മ ചെയര്മാന് കെ.എസ്. മണി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വിലയായി ഒമ്പത് കോടിയിലേറെ രൂപയാണ് മലബാര്‍ മില്‍മ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. പാല്‍പ്പൊടി നിര്‍മാണത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുന്ന പദ്ധതിയായ മൂര്‍ക്കനാട്ടെ മില്‍മ പാല്‍പ്പൊടി നിര്‍മാണ യൂനിറ്റ് മേയിൽ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ നടപ്പാക്കുന്ന എല്‍.ഐ.സി സാമൂഹിക സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ധനസഹായ വിതരണം നിലമ്പൂര്‍ നഗരസഭ ചെയര്മാന് മാട്ടുമ്മല്‍ സലീം നിര്‍വഹിച്ചു. നിലമ്പൂര്‍ നഗരസഭ കൗണ്‍സിലര്‍ സജി സ്കറിയ കിനാംതോപ്പില്‍, എം.ആര്.ഡി.എഫ് സി.ഇ.ഒ ജോർജുകുട്ടി ജേക്കബ് എന്നിവര്‍ സംസാരിച്ചു. മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.പി. ഉസ്മാന് സ്വാഗതവും മില്‍മ മാനേജിങ് ഡയറക്ടര്‍ ഡോ. പി. മുരളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.