നിലമ്പൂർ: ദക്ഷിണ റെയിൽവേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള നിലമ്പൂർ-ഷൊർണൂർ പാതയെ ആശ്രയിക്കുന്നവർ ദുരിതത്തിലായിട്ട് ഒന്നരവർഷം. കോവിഡ് നിയന്ത്രണത്തെ തുടർന്ന് പാതയിലെ പകൽ സർവിസുകൾ നിർത്തലാക്കിയിട്ട് 515 ദിവസമായി. 14 സർവിസുകളുണ്ടായിരുന്നതിൽ രാജ്യറാണി മാത്രമാണ് ഇപ്പോൾ നിലമ്പൂരിൽ നിന്നുള്ളത്. പകൽ വണ്ടികൾ ഒന്നുമില്ല. സർവിസിന് അനുമതിയായ നിലമ്പൂർ-കോട്ടയം എക്സ്പ്രസ് ഓടിത്തുടങ്ങിയിട്ടില്ല.
രാജ്യത്ത് റെയിൽവേ പൊതുഗതാഗതം തുടങ്ങിയിട്ടും ഏറ്റവും കൂടുതൽ ട്രെയിൻ യാത്രക്കാരുള്ള പാതയിലൊന്നായ നിലമ്പൂർ പാത പകൽ അനക്കമില്ലാതെ കിടക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. രാത്രിയാണ് രാജ്യറാണിയുടെ സർവിസ്. അതുകൊണ്ടുതന്നെ പകൽ യാത്രക്കാർക്ക് ഇത് പ്രയോജനപ്രദമല്ല. ഏഴ് സ്റ്റേഷനുകളുള്ള പാതയിൽ വാണിയമ്പലം, അങ്ങാടിപ്പുറം, ഷൊർണൂർ എന്നിവിടങ്ങളിൽ മാത്രമാണ് രാജ്യറാണിക്ക് സ്റ്റോപ്പുള്ളത്.
വിദ്യാർഥികൾ, അധ്യാപകർ, ആശുപത്രി ജീവനക്കാർ, മറ്റു സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർ എന്നിവരെല്ലാം പ്രതിസന്ധിയിലാണ്. മറ്റ് റൂട്ടുകളിൽ പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസായി സർവിസ് തുടങ്ങിയപ്പോഴും നിലമ്പൂർ പാതയെ അവഗണിക്കുകയാണുണ്ടായത്. ദിവസവും രാവിലെയും വൈകീട്ടും ഓരോ സർവിസെങ്കിലും തുടങ്ങണമെന്ന് ആവശ്യപ്പെട്ട് 5000ഓളം മെംബർമാരുള്ള ട്രെയിൻ ടൈം വാട്സ്ആപ് ഗ്രൂപ് അഡ്മിൻ സലീം ചുങ്കത്ത് റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
ട്രെയിൻ യാത്രക്കാർ, റെയിൽവേ ജീവനക്കാർ എന്നിവരുടെ ഗ്രൂപ്പാണിത്. ഷൊർണൂരിൽനിന്ന് നിലവിൽ രണ്ട് മെമു സർവിസുകൾ എറണാകുളേത്തക്കും കണ്ണൂരിലേക്കും ജനറൽ ടിക്കറ്റ് സംവിധാനത്തോടെ സർവിസ് നടത്തുന്നുണ്ട്. നിലമ്പൂർ-- ഷൊർണൂർ പാതയിലെ യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനപ്രദമാണ്. കോവിഡ് മാനദണ്ഡങ്ങളോടെ രണ്ട് സർവിസെങ്കിലും പാതയിൽ പുനരാരംഭിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.