നിലമ്പൂർ: കുറുവൻ പുഴയുടെ അകമ്പാടം പെരുവമ്പാടം കടവിൽ മുങ്ങിമരിച്ച സഹോദരങ്ങളായ കുട്ടികൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അകമ്പാടത്ത് വാടകവീട്ടിൽ താമസിക്കുന്ന പനക്കൽ ബാബു-നസീമ ദമ്പതികളുടെ ഇളയ മക്കളായ റിൻഷാദും (14) റാഷിദുമാണ് (12) കുടുംബത്തെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി ഒരുമിച്ച് യാത്രപോയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പെരുവമ്പാടം കണ്ണംകുണ്ടിൽ ഇരുവരും അപകടത്തിൽപ്പെട്ടത്. ഒരാൾക്ക് മീതെ വെള്ളമുണ്ടിവിടെ. കൂട്ടുകാരോടൊപ്പം കുളിക്കാനാണ് ഇരുവരും എത്തിയെത്. കയത്തിൽ അകപ്പെട്ട ജേഷ്ഠനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് റാഷിദും കുഴിയിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിൽ ഒരാൾ മുണ്ട് ഇട്ടുക്കൊടുത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കയത്തിൽ ഇരുവരെയും കാണാതായതോടെ മറ്റുകുട്ടികൾ ഓടിയെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
സമീപത്തെ പള്ളിയിൽനിന്നും മറ്റുമായി പുഴക്കടവിലേക്ക് പാഞ്ഞെത്തിയ നാട്ടുകാരാണ് റാഷിദിനെ ആദ്യം മുങ്ങിയെടുത്തത്. അകമ്പാടം ആശുപത്രിയിലും പിന്നീട് നിലമ്പൂർ ജില്ല ആശുപത്രിയിലേക്കും കുട്ടിയുമായി കുതിച്ചു. അപ്പോഴേക്കും വിവരം അറിഞ്ഞ് നിലമ്പൂർ ഫയർഫോഴ്സും എമർജൻസി റെസ്ക്യൂ ഫോഴ്സും സ്ഥലത്തെത്തി റിൻഷാദിന് വേണ്ടി തിരച്ചിൽ ആരംഭിച്ചിരുന്നു.
അധികം വൈകാതെ റിൻഷാദിനെയും മുങ്ങിയെടുത്ത് ജില്ല ആശുപത്രിയിലെത്തിച്ചു. പുഴക്കടവിലേക്ക് ഓടിയെത്തിയവരും നാട്ടുക്കാരുമെല്ലാം കുട്ടികൾക്ക് ഒന്നും സംഭവികരുതെയെന്ന പ്രാർഥനയിലായിരുന്നു. പക്ഷേ ഇരുവരുടെയും മരണവാർത്തയാണ് ആശുപത്രി അധികൃതരിൽനിന്നും കേട്ടത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരം ഏഴോടെ എരഞ്ഞിമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചു. സഹപാഠികൾ രക്ഷിതാക്കൾക്കൊപ്പം എത്തി തങ്ങളുടെ പ്രിയ കൂട്ടുകാർക്ക് യാത്രാമൊഴി നൽകി.
വിദ്യാർഥികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളുമെല്ലാം കണ്ണീരോടെയാണ് കുട്ടികൾക്ക് യാത്രാമൊഴി നൽകിയത്. എരഞ്ഞിമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് റിൻഷാദ്.
എരഞ്ഞിമങ്ങാട് ഗവ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് റാഷിദ്. ശനിയാഴ്ച രാവിലെ ഒമ്പതിന് മൈലാടി ജുമാമസ്ജിൽ മൃതദേഹങ്ങൾ മറവുചെയ്യുന്നത് വരെ ആൾക്കൂട്ടം വീടൊഴിയാതെ നിന്നു. പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
നിലമ്പൂർ: മക്കളുടെ ഒരുമിച്ചുള്ള വേർപ്പാട് മാതാപിതാകളായ ബാബുവിനും നസീമക്കും തങ്ങാവുന്നതായിരുന്നില്ല. നാലുമക്കളിൽ ഇളയ രണ്ട് ആൺതരികളാണ് ഒരുമിച്ച് നഷ്ടമായത്. സംഭവദിവസം ബാബു സ്ഥലത്തുണ്ടായിരുന്നില്ല.
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിടനിർമാണവും ഒപ്പം തെരുവോര വസ്ത്രവ്യാപാരവും നടത്തിപോരുന്നതിനിടെയാണ് വിവരം അറിയുന്നത്. മരണവിവരം അറിയിച്ചിരുന്നില്ല. തമിഴ്നാട്ടിൽനിന്നും വാഹനം വിളിച്ച് രാത്രി എട്ടരയോടെയാണ് സ്കൂളിലെത്തുന്നത്.
എരഞ്ഞിമങ്ങാട് സ്കൂളിൽ പൊതുദർശനത്തിന് വെച്ച ഓമനമക്കളുടെ മൃതദേഹങ്ങൾ കണ്ടപ്പാടെ ബാബു തളർന്നിരുന്നു. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ നാട്ടുകാരും വിതുമ്പി. മൈലാടിയിൽ സ്വന്തമായുള്ള വീടിന്റെ നിർമാണം നടന്നുവരുന്നതിനിടെയാണ് ദുരന്തം വേട്ടയാടിയത്. മരണപ്പെട്ട സഹോദരങ്ങൾ ഇരുവരും ഉറ്റ കൂട്ടുകാരായിരുന്നു. എപ്പോഴും ഒരുമിച്ചായിരുന്നു.
കലാ-കായിക രംഗങ്ങളിലും ഇരുവരും സജീവമായിരുന്നെന്ന് അധ്യാപകരും നാട്ടുകാരും ഒരുപോലെ പറയുന്നു. പ്രാദേശിക ഫുട്ബാൾ ടൂർണമെന്റിൽ നല്ല കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ട്രോഫിയുമായി ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മരണശേഷവും ഈ ഫോട്ടോയാണ് പ്രചരിച്ചത്. സ്വന്തമായുള്ള വീടിന്റെ പണി നടക്കുന്നതിനാൽ അടുത്തിടെയാണ് അകമ്പാടത്ത് വാടകവീട്ടിലേക്ക് കുടുംബം താമസം മാറ്റിയത്.
പരിചിതമല്ലാത്ത സ്ഥലം ആയതുക്കൊണ്ട് കുറുവൻ പുഴയെ കുറിച്ച് കുട്ടികൾക്ക് ഒരുവിധ ധാരണയും ഉണ്ടായിരുന്നില്ല.
അപകടം സംഭവിച്ച കണ്ണൻകുണ്ടിൽ അടിയൊഴുക്ക് ഇല്ലെങ്കിലും പാറക്കെട്ടും ഒരാൾക്ക് കൂടുതൽ വെള്ളവുമുണ്ട്.
പുഴയിലെ ഒളിഞ്ഞിരിപ്പുള്ള അപകടം കുട്ടികൾക്ക് തിരിച്ചറിയാതെ പോയതും ജീവൻപൊലിയാനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.