നാടിനെ വിറപ്പിച്ച തെരുവുനായ് ഒടുവിൽ പിടിയിൽ

നിലമ്പൂർ: നിലമ്പൂർ നഗരത്തെ രണ്ട് ദിവസം ഭീതിയിലാക്കിയ തെരുവുനായെ ഒടുവിൽ എമർജൻസി റെസ്ക‍്യൂ ഫോഴ്സ് പിടികൂടി. ചൊവ്വാഴ്ച രാവിലെ 8.45ഓടെ നിലമ്പൂർ പുതിയ ബസ് സ്റ്റാൻഡിൽ വെച്ചാണ് പിടികൂടിയത്. മൃഗസംരക്ഷണ വകുപ്പിന് കൈമാറിയ നായെ കൂട്ടിലടച്ച് നിരീക്ഷണത്തിലാക്കി.

നഗരസഭയുടെ ടൗൺ ഭാഗങ്ങളിൽ വിദ‍്യാർഥിയും സ്ത്രീകളും ഉൾെപ്പടെ തിങ്കളാഴ്ച 12 പേർക്ക് കടിയേറ്റിരുന്നു. രാത്രി കാണാതായ നായ ചൊവ്വാഴ്ച രാവിലെയും ടൗണിലിറങ്ങി ആക്രമണം തുടർന്നു. മാനസിക വൈകല‍്യമുള്ളയാൾ, ഓട്ടോറിക്ഷ ഡ്രൈവർ ഉൾെപ്പടെ ചൊവ്വാഴ്ച രാവിലെയും ആറ് പേർക്ക് കടിയേറ്റു. കോലോത്തുംതൊടിക അസൈനാർ (64), ഇതര സംസ്ഥാന തൊഴിലാളി ജാഫറുദ്ധീൻ (34), ബിനീഷ് കല്ലേപാടം (28), പാലക്കാട്ടുകുഴി രാമകൃഷ്ണൻ (62), മണലൊടിയിലെ സെൽവി (23), അഭിൻ കരിമ്പുഴ (23) എന്നിവർക്കാണ് കടിയേറ്റത്. ഇവർക്ക് നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സ നൽകി.

നിലമ്പൂർ പുതിയ സ്റ്റാൻഡിൽ വെച്ചും ടി.ബി പരിസരത്ത് വെച്ചുമാണ് ആളുകൾക്ക് നായുടെ കടിയേറ്റത്. മാനസിക വൈകല‍്യമുള്ളയാളെ സ്റ്റാൻഡിൽ വെച്ച് ആക്രമിക്കുന്നതിനിടെയാണ് ഇ.ആർ.എഫ് സാഹസികമായി നായെ സുരക്ഷവല ഉപയോഗിച്ച് പിടികൂടിയത്. അക്രമകാരിയായ നായെ പിടികൂടാനായെങ്കിലും നിരവധി തെരുവ് നായ്ക്കൾക്കും കടിയേറ്റതിനാൽ ആശങ്ക ഒഴിഞ്ഞിട്ടില്ല.

എമർജൻസി റെസ്ക്യു ഫോഴ്സ് അംഗങ്ങളായ ബിബിൻ പോൾ, കെ.എം. അബ്ദുൽ മജീദ്, ഷംസുദ്ദീൻ കൊളക്കാടൻ, മുഹമ്മദ് റാഷിക്ക്, കെ.എച്ച്. ഷഹബാൻ, പി.കെ. ജിതേഷ്, അസൈനാർ വീട്ടിച്ചാൽ, പി.ടി. റംസാൻ, ടി.പി. വിഷ്ണു, ഡെനി എബ്രാഹാം, കെ.സി. ഷബീർ അലി, മുസ്തഫ എന്നിവരാണ് നായെ പിടികൂടിയത്.

Tags:    
News Summary - The street dog that shook the village is finally caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.