നിലമ്പൂര്‍: നിലമ്പൂര്‍-ഷൊർണൂര്‍ പാതയോട് റെയില്‍വേ തുടരുന്ന അനാസ്ഥക്കെതിരെ നിലമ്പൂര്‍-മൈസൂർ റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ റിലേ സത്യഗ്രഹ സമരത്തിലേക്ക്. നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ പത്ത് ദിവസം നീളുന്ന സമരം ശനിയാഴ്ച തുടങ്ങുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ ആക്ഷൻ കൗൺസിൽ ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് ഏറനാട് എം.എല്‍.എ പി.കെ. ബഷീര്‍ ഉദ്ഘാടനം ചെയ്യും.
എം.പിമാരായ പി.വി. അബ്ദുൽ വഹാബ്, അബ്ദുസ്സമദ് സമദാനി, എം.എല്‍.എമാരായ എ.പി. അനില്‍ കുമാര്‍, നജീബ് കാന്തപുരം, അബ്ദുൽ ഹമീദ്, നിലമ്പൂര്‍ നഗരസഭ ചെയര്മാന് മാട്ടുമ്മല്‍ സലീം, ഡി.സി.സി പ്രസിഡൻറ് വി.എസ്. ജോയ്, സംസ്കാര സാഹിതി ചെയര്മാന് ആര്യാടന് ഷൗക്കത്ത്, ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി കെ.സി. വേലായുധന് എന്നിവര്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യും.
നിലമ്പൂര്‍ പാതയോടുള്ള റെയില്‍വേയുടെ അവഗണന അവസാനിപ്പിക്കുക, കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസ് സര്‍വിസ് പുനരാരംഭിക്കുക, കോവിഡിന് മുമ്പുള്ള എല്ലാ സര്‍വിസുകളും പുനരാരംഭിക്കുക, നിലമ്പൂര്‍-ഷൊർണൂര്‍ പാതയില്‍ ചരക്ക് ഗതാഗതം ആരംഭിക്കുക, പാതയുടെ വൈദ്യുതീകരണം ആരംഭിക്കുക, നിലമ്പൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കുക, നിലമ്പൂരില്‍നിന്ന് കൊച്ചുവേളിയിലേക്കുള്ള രാജ്യറാണിയുടെ സര്‍വിസ് തിരുവനന്തപുരം-നാഗര്‍കോവില്‍ വരെ നീട്ടുക, റെയില്‍വേയുടെ വിസ്റ്റാഡം ടൂറിസ്റ്റ് കോച്ച് നിലമ്പൂരിലേക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റിലേ സമരം നടത്തുന്നത്.
ഏഴ് വണ്ടികൾ 14 സര്‍വിസുകള്‍ നടത്തിയിരുന്ന നിലമ്പൂര്‍-ഷൊർണൂര്‍ പാതയില്‍ ഇപ്പോൾ രാജ്യറാണി മാത്രമാണുള്ളത്. പകൽ വണ്ടികൾ ഒന്നുമില്ല. വിദ്യാർഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ തുടങ്ങി ആയിരക്കണക്കിന് ആളുകളാണ് പകല്‍ സര്‍വിസുകളെ ആശ്രയിച്ചിരുന്നത്.
വണ്ടികൾ പുനരാരംഭിക്കണമെന്ന് പലതവണ നിവേദനം വഴിയും നേരിട്ടും ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലാത്തതിനെ തുടർന്നാണ് സമരം തീരുമാനിച്ചത്. വാർത്തസമ്മേളനത്തിൽ ജോഷ്വ കോശി, യു. നരേന്ദ്രന്, വിനോദ് പി. മേനോന്, അനസ് യൂനിയന്‍, റഹ്മത്തുല്ല മൈലാടി, ജോര്‍ജ് കുളക്കണ്ടം എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.