1950കളുടെ തുടക്കത്തില്‍ തന്നെ കുടിയേറ്റം നടന്ന പ്രദേശമാണ് കിഴക്കന്‍ മലയോരം. അക്കാലത്തൊന്നും അനുഭവപ്പെടാത്ത ശല്യമാണിപ്പോൾ വന്യമൃഗങ്ങളുണ്ടാക്കുന്നത്. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന് കീഴിലെ വഴിക്കടവ്, നിലമ്പൂര്‍ റേഞ്ചുകളിലെ പോത്തുകല്‍, നെല്ലിക്കുത്ത്, കാഞ്ഞിരപ്പുഴ, വാണിയംപുഴ, നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ കരുളായി റേഞ്ചിലെ പടുക്ക എന്നീ വനം സ്റ്റേഷനുകള്‍ക്ക് കീഴിൽ വന്യമൃഗ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് കർഷകർ. ആദ്യകാലങ്ങളില്‍ ആനക്കൂട്ടത്തെ കൃഷിയിടത്തില്‍നിന്ന് തുരത്താന്‍ കര്‍ഷകര്‍ തോക്കും പടക്കവും ഉപയോഗിച്ചിരുന്നു. എന്നാൽ, ആനകളുടെ എണ്ണത്തിലുണ്ടായ വര്‍ധന കൃഷിനാശത്തിലും കണ്ടുതുടങ്ങി. ഇതോടൊപ്പം ഭക്ഷ്യവിള കൃഷികള്‍ വ്യാപിക്കുകയും ചെയ്തു. നാണ്യവിള തോട്ടങ്ങളിലെ ഇടക്കാടുകളിലും കൃഷിയിടത്തിനു സമീപത്തെ വനങ്ങളിലും വന്യമൃഗ സാന്നിധ്യമേറി. ഇപ്പോള്‍ കശുമാവ്, റബര്‍, കമുക്, തെങ്ങ് തുടങ്ങിയവയും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. കാട്ടാനകള്‍ക്കൊപ്പം കാട്ടുപന്നി, കുരങ്ങ്, മയില്‍ എന്നിവയും കൃഷിനാശത്തിന് കാരണമാകുന്നുണ്ട്. ഇതിന് പ്രതിവിധി കണ്ടെത്താനോ കര്‍ഷകര്‍ക്ക് അര്‍ഹിക്കുന്ന സഹായധനം നല്‍കാനോ സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ല.
കുറുക്കൻ കുറഞ്ഞു, പന്നി പെരുകി
വനവുമായി അകന്നു കിടക്കുന്ന സ്ഥലങ്ങളില്‍പോലും പന്നിശല്യം രൂക്ഷമാണിപ്പോൾ. കാട്ടില്‍ കുറുക്കെൻറ എണ്ണം കുറഞ്ഞതോടെയാണ് നാട്ടില്‍ പന്നികളുടെ എണ്ണം പെരുകാന്‍ കാരണമായതെന്നാണ് പഴമക്കാര്‍ പറയുന്നത്. വാഴകൃഷി ഉള്‍പ്പെടെയുള്ളവയില്‍ മാരക കീടനാശിനികളുടെ പ്രയോഗം കൂടിയപ്പോൾ ചെറുജീവികള്‍ ഇല്ലാതായതോടെയാണ് ഇവയെ ഭക്ഷണമാക്കുന്ന കുറുക്കനെയും കാണാതായത്. പന്നിക്കുഞ്ഞുങ്ങളെ കുറുക്കന് കൊന്നൊടുക്കിയിരുന്നതിനാല് കാട്ടുപന്നികളുടെ എണ്ണത്തിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അവയുടെ എണ്ണം കൂടി. റോഡരികില്‍ തള്ളുന്ന മാലിന്യം ഭക്ഷിക്കാനെത്തുന്ന പന്നിക്കൂട്ടം ചേന, വാഴ, കപ്പ, ചേമ്പ്, ഇഞ്ചി, നെല്ല് തുടങ്ങിയവ നശിപ്പിക്കുന്നു. കിഴങ്ങുവര്ഗങ്ങളെല്ലാം തിന്നുതീര്‍ക്കുന്നതിന് പുറമെ വാഴയുടെ ചുവട് കുത്തിയിളക്കി തണ്ടില്‍നിന്ന് വെള്ളമൂറ്റും. പന്നികള്‍ തേറ്റ ഉപയോഗിച്ച് തേങ്ങ പൊട്ടിച്ച് കാമ്പ് തിന്നുന്നതും തുടർക്കഥയാണ്.
മുെമ്പങ്ങുമില്ലാത്ത ശല്യം –മാത്യു
വന്യമൃഗശല്യവും കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും കടുത്ത പ്രതിസന്ധിയാണെന്ന് മൂത്തേടം പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടിയിലെ കര്‍ഷകനായ വാദ്യാര്മഠത്തില് മാത്യു. മുമ്പെങ്ങുമില്ലാത്ത വിധമുള്ള വന്യമൃഗ ശല്യം കാരണം കൃഷിയിറക്കാനാകാതെ ദുരിതം പേറുകയാണ്. കാട്ടാനക്ക് പുറമെ, കാട്ടുപന്നിക്കൂട്ടവും കുരങ്ങും അടുത്തിടെയായി മയിലുകളും കൃഷി നശിപ്പിക്കുന്നത് പതിവാണ്. കഴിഞ്ഞ മാസമാണ് കൊയ്ത്തിന് പാകമായ പത്തേക്കര്‍ വയലിലെ നെല്ല് ആനക്കൂട്ടം ചവിട്ടിമെതിച്ചത്. കൈവായ്പകള്‍ വാങ്ങിയും ബാങ്കില്‍നിന്ന് ലോണെടുത്തുമാണ് കൃഷിയിറക്കിയത്. ഏറെനാളത്തെ അധ്വാനവും പ്രതീക്ഷയുമാണ് ഒറ്റരാത്രികൊണ്ട് വന്യമൃഗങ്ങള്‍ ഇല്ലാതാക്കിയത്. വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് വരുത്തിവെച്ചത്.
നാശം നേരിട്ട കൃഷിയിടങ്ങളില്‍ കൃഷി ഓഫിസര്‍മാരും വനപാലകരും മുറപൊലെ വരുമെങ്കിലും നാമമാത്രമായ നഷ്ടപരിഹാരം പോലും യാഥാസമയം ലഭിക്കുന്നില്ല. കൃഷിയോടുള്ള താല്പര്യം മാത്രമാണ് തുടരാനുള്ള പ്രേരണയെന്നും അദ്ദേഹം പറയുന്നു.
സ്വന്തം ചെലവിൽ പ്രതിരോധ നടപടികൾ എടുത്തിട്ടും രക്ഷയില്ല –നെച്ചിപറമ്പിൽ സുരേഷ്
കാട്ടുപന്നി, കാട്ടാന എന്നിവയുടെ ശല്യം തടയാൻ സ്വന്തം ചെലവിൽ പ്രതിരോധ നടപടികൾ എടുത്തിട്ടും ഒരു രക്ഷയുമില്ലെന്ന് ചാലിയാർ പഞ്ചായത്തിലെ പെരുവമ്പാടത്തെ നെച്ചിപ്പറമ്പിൽ സുരേഷ് പറയുന്നു. വെള്ളിയാഴ്ചയും കാട്ടാനയെത്തി നൂറോളം വാഴകൾ നശിപ്പിച്ച വേദനയാണ് ഇദ്ദേഹത്തിന് പങ്കുവെക്കാനുണ്ടായിരുന്നത്. കൈതോലി ബെന്നി, കൈതോലി ജോഷി, വെട്ടിക്കുഴി തങ്കച്ചൻ എന്നിവരുടെ വാഴ, കമുക് കൃഷികളും നശിപ്പിച്ചു. സോളാർ വേലി, കമ്പിവേലി, ബേപ്പൂരിൽനിന്ന് വല എന്നിവകൊണ്ട് കൃഷിയിടത്തിന് ചുറ്റും സ്വന്തം ചെലവിൽ സംരക്ഷണം തീർത്തിട്ടുണ്ടെങ്കിലും രക്ഷയില്ല. തലമുറകളായി നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ കൃഷി ചെയ്തുവരുന്ന കർഷക കുടുംബമാണ്. കാട്ടാന ശല്യം മൂലം ഇപ്പോൾ കൃഷി അസാധ്യമായിരിക്കുകയാണ്. വനം വകുപ്പിൽനിന്ന് നഷ്ടപരിഹാരം ഇതുവരെ ഒന്നും കിട്ടിയിട്ടില്ല. തുടരും. നാളെ, കരുളായിയിലും അമരമ്പലത്തും കരളലിയിക്കും കാഴ്ചകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.