മലപ്പുറം: മുഖത്ത് ഛായം പൂശി, ആടയാഭരണങ്ങളണിഞ്ഞ് ചുവടുകൾ വെച്ചിരുന്ന കുച്ചിപ്പുടി കലാകാരൻ അനിൽ വെട്ടിക്കാട്ടിരി ഇപ്പോൾ പി.പി.ഇ കിറ്റ് ധരിച്ച് ജോലി ചെയ്യുകയാണ്. രോഗികളുടെ സങ്കടങ്ങൾക്കിടയിൽ തെൻറ വേദന മറക്കുകയാണ് പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ അറ്റൻഡറായ ഇദ്ദേഹം. രാജ്യത്തെയാകെ ബാധിച്ച കോവിഡ് പ്രതിസന്ധി തന്നെയാണ് ഇദ്ദേഹത്തിെൻറ ജീവിതവും മാറ്റിമറിച്ചത്. 25 വർഷമായി നൃത്തച്ചുവടുകളുമായി അരങ്ങുതകർത്ത, നിരവധി ശിഷ്യഗണങ്ങളുള്ള കലാകാരനാണ് 45കാരനായ അനിൽ. 20 വർഷം നിരവധി സ്റ്റേജുകളിൽ കുച്ചിപ്പുടി അവതരിപ്പിച്ചു. കോവിഡ് തുടങ്ങിയതോടെ നൃത്താവതരണം മുടങ്ങി. ഒന്നര വർഷത്തോളം വീട്ടിൽ കഴിഞ്ഞു. ശിഷ്യരും മറ്റും സഹായിച്ചു. അതിനിടെ ഓൺലൈൻ നൃത്ത ക്ലാസുകൾ ചെയ്തു. എന്നാൽ, കാര്യമായ വരുമാനം ലഭിച്ചില്ല. അതിനിടെ രണ്ട് ഷോർട്ട് ഫിലിമും വെബ് സീരിസും തുടങ്ങി.
നിത്യചെലവും മക്കളുടെ പഠനകാര്യങ്ങളും മുന്നോട്ടുപോകണമെങ്കിൽ ജോലി നിർബന്ധമാണെന്ന് തോന്നി.തമാശ പറയാനും മറ്റും അധികസമയമില്ലെങ്കിലും ഇപ്പോഴത്തെ ജോലിയിൽ വളരെ സന്തോഷവാനാണെന്ന് അദ്ദേഹം പറയുന്നു. കുച്ചിപ്പുടിയിൽ സ്ത്രീവേഷം കെട്ടുന്ന ഇദ്ദേഹം നൃത്തത്തിെൻറ ആദ്യ പാഠങ്ങൾ പഠിച്ചത് സഹോദരി ഉഷ ശ്രീനിവാസിൽനിന്നാണ്. തുടർന്ന് നിലമ്പൂർ ഇന്ദ്രാണി വിശ്വനാഥ്, ഗീത സുകുമാരൻ, നിലമ്പൂർ മോഹനൻ മാസ്റ്റർ, ഗിരീഷ് നടുവത്ത്, കലാമണ്ഡലം ഹുസ്ന ബാനു, ഡോ. വസുന്ധര ദുരൈസാമി, വൈജയന്തി കാശി എന്നിവരുടെ ശിക്ഷണത്തിൽ അഭ്യസിച്ചു. തുടർന്ന് പ്രശസ്ത കുച്ചിപ്പുടി നർത്തകി അനുപമ മോഹെൻറ ശിക്ഷണത്തിൽ 18 വർഷത്തോളമായി തുടർപഠനം നടത്തുന്നു. ചിദംബരം, തഞ്ചാവൂർ, കുംഭകോണം, തിരുവുയ്യാർ, തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിെൻറ 150ാം വാർഷിക ഭാഗമായി ഡൽഹിയിലും അവതരിപ്പിച്ചു.
ഭസ്മാസുര വധം, കണ്ണപ്പ ചരിതം, ഭരതായനം, നൃത്തയോൽപതി ധരിദ്രി, സിൻററല്ല, വൈശാലി തുടങ്ങിയ നൃത്തനാടകങ്ങൾ സംവിധാനം ചെയ്തു. നാട്യകൗസ്തുഭം പുരസ്കാരം, നടന കലാനിധി പുരസ്കാരം, േവൾഡ് ഡാൻസ് ഡേ അവാർഡ്, കൽപശ്രീ നടരാജ പുരസ്കാരം, നാട്യരത്ന പുരസ്കാരം എന്നിവ നേടി. പാണ്ടിക്കാട്ടാണ് താമസം. ഭാര്യ പ്രേമലത പാണ്ടിക്കാട് പഞ്ചായത്ത് അംഗമാണ്. വിദ്യാർഥികളായ സൃഷ്ടി ദേശാക്ഷി, സിദ്ധേന്ദ്ര, വരഹാലു എന്നിവരാണ് മക്കൾ. അച്ഛൻ: വേലായുധൻ. അമ്മ: ജാനകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.