കാളികാവ്: മലബാർ സമരനായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തിന്റെ ചതിയിൽ പിടികൂടപ്പെട്ടിട്ട് നൂറു വർഷം പൂർത്തിയാവുന്നു. 1922 ജനുവരി അഞ്ചിനാണ് വെള്ളപ്പട 'ബാറ്ററി' സൈന്യം കല്ലാമൂല ചിങ്കക്കല്ല് പുഴയോരത്തെ വലിയപാറക്ക് സമീപത്തുനിന്ന് വാരിയൻകുന്നത്തിനെ പിടികൂടിയത്.
ആറിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏറനാട്ടിലെ മാപ്പിളമാരെ സംഘടിപ്പിച്ചുള്ള കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവർത്തനങ്ങൾ അലോസരപ്പെടുത്തിയതോടെ ഹാജിയെയും സംഘത്തെയും പിടികൂടാൻ ബ്രിട്ടീഷ് സർക്കാർ സൈനികരെ വ്യാപകമായി മലബാറിൽ വിന്യസിച്ചു. സംയുക്ത സൈനിക ആക്രമണം ഫലം കാണാതെ വന്നപ്പോൾ ബ്രിട്ടീഷ് ഇന്ത്യൻ ഇന്റലിജൻസ് തലവൻ മോറിസ് വില്യംസ് മലബാറിൽ താവളമടിച്ചു.
മാർഷൽ ലോ കമാൻഡന്റ് കേണൽ ഹംഫ്രി മലബാറിലെത്തി പ്രത്യേക സേന രൂപവത്കരിച്ചാണ് ചെമ്പ്രശ്ശേരി തങ്ങളെയും സീതി തങ്ങളെയും പിന്നീട് വാരിയൻകുന്നത്തിനെയും അറസ്റ്റ് ചെയ്തത്.
വാരിയൻകുന്നത്തിനെ പിടികൂടാൻ ഉറ്റ സുഹൃത്ത് പൊറ്റയിൽ ഉണ്യാലി മുസ്ലിയാരെ അധികാരികൾ സമീപിച്ചു. സമാന്തര സർക്കാർ പിരിച്ചുവിട്ട് കീഴടങ്ങിയാൽ കൊല്ലാതെ എല്ലാവരെയും മക്കയിലേക്ക് നാടുകടത്തുകയേയുള്ളൂവെന്ന സർക്കാർ തീരുമാനം അറിയിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ദൂതന്മാരെ പിന്തുടർന്ന് ക്യാമ്പ് വളഞ്ഞ സൈന്യം നമസ്കാരത്തിനുള്ള തയാറെടുപ്പിനിടെ ഹാജിയെ കീഴ്പ്പെടുത്തി ചങ്ങലകളിൽ ബന്ധിച്ചു. മീശരോമങ്ങൾ പറിച്ചെടുത്ത് ചവിട്ടിയും ബയണറ്റിനാൽ കുത്തിയും റോഡിലൂടെ വലിച്ചിഴച്ചു. പേരിന് ഒരു വിചാരണ നടത്തി ബ്രിട്ടീഷ് പട്ടാളക്കോടതി 1922 ജനുവരി 20ന് രാവിലെ പത്തോടെ മലപ്പുറം കോട്ടക്കുന്നില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചു കൊല്ലുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.