മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രി പ്രവർത്തനം മാറ്റാതെ താൽക്കാലികം ആശുപത്രിയിലെ മറ്റ് കെട്ടിടങ്ങളിൽ ക്രമീകരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) യോഗം ബുധനാഴ്ച ചേരും.
രാവിലെ താലൂക്ക് ആശുപത്രിയിലാകും യോഗം നടക്കുക. ഇതിൽ ആശുപത്രി പ്രവർത്തനം മറ്റിടങ്ങളിലേക്ക് മാറ്റാതെ മറ്റ് കെട്ടിടങ്ങളിൽ എങ്ങിനെ ക്രമീകരിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ അന്തിമ ചർച്ചയും തീരുമാനവുമുണ്ടാകും. പ്രവർത്തനം ഏതൊക്കെ തരത്തിൽ ക്രമീകരിക്കേണ്ടി വരുമെന്ന കാര്യത്തിൽ മുൻകൂട്ടി ധാരണയാക്കി വെക്കാൻ ആശുപത്രി സൂപ്രണ്ട് അലിഗർ ബാബുവിനെ ആഗസ്റ്റ് 14ന് ചേർന്ന എച്ച്.എം.സി യോഗം ചുമതലപ്പെടുത്തിയിരുന്നു.
ക്രമീകരണം സംബന്ധിച്ച് ജില്ല മെഡിക്കൽ ഓഫിസർക്കും സൂപ്രണ്ട് റിപ്പോർട്ട് നൽകും. മാറ്റം പ്രവർത്തനത്തെയും രോഗികളെയും ബാധിക്കുമെന്നും വിഷയത്തിൽ ലഭിച്ച പരാതികൾ കൂടി പരിഗണിച്ചുമാണ് ആശുപത്രി താൽക്കാലികം മറ്റിടങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് എച്ച്.എം.സി തീരുമാനിച്ചത്. കൂടെ ആശുപത്രിയുടെ കെട്ടിടത്തിന്റെ ഫിറ്റ്നസ് സംബന്ധിച്ച് മുനിസിപ്പൽ എൻജിനീയറിങ് വിഭാഗവും പരിശോധന നടത്തുന്നുണ്ട്.
എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരം ആശുപത്രി കെട്ടിടത്തിന്റെ സ്ഥിതിയും അപകടാവസ്ഥയും വിലയിരുത്തും. സെപ്റ്റംബർ മൂന്നിന് ചേരുന്ന എച്ച്.എം.സി യോഗം ഈ റിപ്പോർട്ട് പരിഗണിക്കും. ഇതിനിടെ കെട്ടിടം പൊളിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) ലഭ്യമാക്കാനുള്ള ശ്രമം നഗരസഭ തുടരുകയാണ്.
എൻ.ഒ.സി ലഭിച്ചാൽ പൊളിക്കൽ നടപടികൾ വേഗത്തിലാക്കാനാണ് അധികൃതരുടെ തീരുമാനം. എൻ.ഒ.സി കിട്ടുന്നതോടെ ആശുപത്രിയുടെ പ്രവർത്തനം മറ്റിടങ്ങളിലേക്ക് മാറ്റി ക്രമീകരിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.