ചേലേമ്പ്ര: പുല്ലിപ്പുഴക്ക് കുറുകെ മുനമ്പത്ത് കടവ് പാലം നിർമാണത്തിന് 5.31 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. ഫറോക്ക് നഗരസഭയിലെ പെരുമുഖത്തേയും ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ മുനമ്പത്ത് കടവിനേയും പാലം ബന്ധിപ്പിക്കുന്നു. പുല്ലിപ്പുഴക്ക് കുറുകെ പാലം നിർമാണത്തിന് എം.എൽ.എ ആസ്തി വികസന പദ്ധതി പ്രകാരം 50 ലക്ഷം രൂപ 2015ൽ അഡ്വ. കെ.എൻ.എ ഖാദർ വകയിരുത്തിയെങ്കിലും പദ്ധതി പൂർത്തീകരണത്തിന് കുടുതൽ തുക ആവശ്യമാണെന്ന് സാങ്കേതിക വിഭാഗം അറിയിച്ചു.
പിന്നീട് അബ്ദുൽഹമീദ് എം.എൽ.എ ആസ്തി വികസന പദ്ധതി പ്രകാരം ഒരു കോടി രൂപ വകയിരുത്തിയെങ്കിലും പദ്ധതി പൂർത്തീകരണത്തിന് ചുരുങ്ങിയത് 3.5 കോടി രൂപ വേണമെന്നായതോടെ തൊട്ടടുത്ത വർഷങ്ങളിലെ ബജറ്റ് നിർദേശങ്ങളിൽ ഉൾപ്പെടുത്താൻ ധനമന്ത്രിക്ക് കത്ത് നൽകിയെങ്കിലും 20 ശതമാനം ടോക്കൺ പ്രൊവിഷനില്ലാത്തതിനാൽ ഭരണാനുമതിയായില്ല.
പിന്നീട് 20 ശതമാനം ടോക്കൺ വകയിരുത്തിയ മറ്റൊരു പദ്ധതി നിർദ്ദേശം ഭേദഗതി ചെയ്യാൻ ധനകാര്യ വകുപ്പിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് 5.31 കോടി രൂപയുടെ ഭരണാനുമതിക്കായി സമർപ്പിച്ചത്. പദ്ധതി നിർവഹണ ഭാഗമായി മണ്ണ് പര്യവേഷണവും ഇൻവെസ്റ്റിഗേഷനും ഡിസൈനിങ്ങും പൂർത്തീകരിച്ചിട്ടുണ്ട്.
പാലം നിർമാണത്തിനായി ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടേയും ഫറോക്ക് നഗരസഭയിലെ നാല് സ്വകാര്യ വ്യക്തികളുടേയും സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ് സൂചന. എന്നാൽ പുഴയും അനുബന്ധ പുറമ്പോക്ക് സ്ഥലവും രണ്ട് ജില്ലയിലേയും ഭൂരേഖ വിഭാഗങ്ങൾ സംയുക്ത സർവേ നടത്തി കണ്ടെത്തി കല്ലിട്ടിട്ടുണ്ട്. അതേസമയം, ഇതുസംബന്ധിച്ച ഭൂരേഖയുടെ സ്കെച്ച് ലഭിച്ചിട്ടില്ല.
കൂടാതെ മുൻകൂർ അനുമതി വാങ്ങി സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തും. സ്ഥലം വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാര തുക ലഭിക്കാനുള്ള അക്വസിഷൻ നടപടിക്കായി റവന്യൂ വിഭാഗത്തിന് നിർദ്ദേശം നൽകുമെന്നും സാങ്കേതികാനുമതിയും ടെൻഡർ നടപടികളും സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് (പാലം) വിഭാഗത്തിന് നിർദ്ദേശം നൽകുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.