മലപ്പുറം: ജില്ലയിൽ റെയിൽവേ ലൈൻ കടന്നുപോകുന്ന ഇടങ്ങളിൽ റെയിൽവേ ലെവൽ ക്രോസുകളിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി മേൽപാലവും അടിപ്പാതയും വരുന്നു. വിവിധ ഇടങ്ങളിൽ മേൽപാല നിർമിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. സംസ്ഥാനത്തെ 27 സ്ഥലങ്ങളിൽ മേൽപാലം നിർമിക്കാനാണ് കേരള റെയിൽ ഡെവലപ്മെന്‍റ് കോർപറേഷന് റെയിൽവേ ബോർഡ് അനുമതി നൽകിയത്. ഇതിൽ ജില്ലയിൽ നാല് പാലമാണ് ഉൾപ്പെട്ടത്.
അങ്ങാടിപ്പുറം-വാണിയമ്പലം സ്റ്റേഷനുകൾക്കിടയിൽ പട്ടിക്കാട് ഗേറ്റ്, നിലമ്പൂർ യാർഡ് ഗേറ്റ്, ഷൊർണൂർ-അങ്ങാടിപ്പുറം സ്റ്റേഷനുകൾക്കിടയിൽ ചെറുകര ഗേറ്റ്, താനൂർ-പരപ്പനങ്ങാടി സ്റ്റേഷനുകൾക്കിടയിൽ ചിറമംഗലത്തുമാണ് ഗേറ്റ് സ്ഥാപിക്കുക. നിലമ്പൂർ യാർഡ് ഗേറ്റ് അടിപ്പാതയും ബാക്കി ഇടങ്ങളിൽ മേൽപാലവുമാണ്. ആദ്യഘട്ടത്തിന് സംസ്ഥാനത്ത് അനുമതി ലഭിച്ചവയിൽ ജില്ലയിൽനിന്നുള്ള രണ്ട് പാലങ്ങളും ഉൾപ്പെടും. നിലമ്പൂരും പട്ടിക്കാടുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെട്ടത്.
നിലമ്പൂര്‍: റെയില്‍വേ സ്‌റ്റേഷന് സമീപം പ്രധാന പാതയായ നിലമ്പൂര്‍-പെരുമ്പിലാവ് റോഡിലെ ഗതാഗത തടസ്സത്തിന് പരിഹാരമായാണ് അടിപ്പാത നിർമാണം. നിലമ്പൂർ യാർഡ് ഗേറ്റിന്‍റെ ടെൻഡർ നടപടി അവസാനഘട്ടത്തിലാണ്. നിലമ്പൂരില്‍ 15. 83 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. 49 ശതമാനം റെയില്‍വേയും 51 ശതമാനം സംസ്ഥാന സര്‍ക്കാറുമാണ് വഹിക്കുക. 9.25 മീറ്റര്‍ വീതിയിലും 5.5 മീറ്റര്‍ ഉയത്തിലുമാണ് റെയില്‍പാളത്തിന് താഴെ 25 മീറ്റര്‍ നിളത്തിലുള്ള കോണ്‍ക്രീറ്റ് ബോക്‌സ് നിര്‍മിക്കുക. ഏഴര മീറ്റര്‍ വീതിയില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാനാവും. കൂടാതെ, കാല്‍നടക്കാര്‍ക്കായി ഒരുവശം 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മിക്കും. 200 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മിക്കും. ബോക്‌സിനകത്ത് വെളിച്ച സൗകര്യവും ഒരുക്കും.
ഏറ്റവും കുറഞ്ഞ സ്ഥലം ഏറ്റെടുക്കുന്ന പദ്ധതികളാണ് ആദ്യം ആരംഭിക്കുകയെന്നിരിക്കെ അതില്‍ നിലമ്പൂരും ഉള്‍പ്പെട്ടു. അഞ്ച് സെന്‍റ് ഭൂമി മാത്രമാണ് ഇതിന് ഏറ്റെടുക്കേണ്ടിവരുന്നത്. ഫണ്ടും അനുവദിച്ചിട്ടുണ്ട്. നിര്‍ദിഷ്ട കോഴിക്കോട്-മലപ്പുറം-പാലക്കാട് മലയോര ഹൈവേയില്‍ പൂക്കോട്ടുംപാടം-മൂലേപാടം അലൈൻമെന്‍റിലാണ് ഈ ഭാഗം ഉള്‍പ്പെടുന്നത്.
ദിവസവും 21 തവണ റയില്‍വേ ഗേറ്റ് അടക്കുന്നതിനാലുണ്ടായിരുന്ന ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാവും. നിലമ്പൂര്‍ സ്റ്റേഷനില്‍ റെയില്‍വേ അടിപ്പാതക്ക് 2017ല്‍ പ്രാരംഭ അനുമതി ലഭിച്ചിരുന്നു. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റിന്‍റെ ഇടക്കിടക്കുള്ള അടവും വാഹനങ്ങളുടെ ബാഹുല്യവും ഏറെ ഗതാഗതക്കുരുക്കിനിടയാക്കിയിരുന്നു.
പെരിന്തൽമണ്ണ: ചെറുകരയിലും പട്ടിക്കാടും മേൽപാലത്തിന് കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. ഈ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. 27 റെയിൽവേ മേൽപാലം നിർമിക്കാൻ കെ-റെയിലിന് അനുമതി ലഭിച്ചവയിൽ ചെറുകാടും പട്ടിക്കാടും ഉൾപ്പെടും. പട്ടിക്കാട് ഗേറ്റ് വരുന്നത് അങ്ങാടിപ്പുറം, വാണിയമ്പലം റെയിൽവേ സ്റ്റേഷനുകൾക്കിടയിലും ചെറുകര ഗേറ്റ് വരുന്നത് ഷൊർണൂർ-അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകൾക്കും ഇടയിലാണ്. നിർമാണ ചെലവ് സംസ്ഥാന സർക്കാറും റെയിൽവേയും സംയുക്തമായാണ് വഹിക്കുക. 2018ൽതന്നെ ഇവിടെ മേൽപാലം നിർമിക്കാൻ കേരള റെയിൽ ഡെവലപ്മെന്‍റ് കോർപറേഷനെ ചുമതലപ്പെടുത്തിയിരുന്നു.
സംസ്ഥാന സർക്കാറിന്‍റെ അടിസ്ഥാന സൗകര്യവികസന പദ്ധതിയിൽ (കിഫ്ബി) ഉൾപ്പെടുത്തിയാണ് മുമ്പ് നിർമിക്കാൻ തീരുമാനിച്ചിരുന്നത്. ചെറുകരയിൽ മേൽപാലം പണിയാൻ 2018ൽ സാധ്യത പഠനവും ശേഷം നവംബറിൽ മണ്ണുപരിശോധനയും നടത്തിയിരുന്നു. നിലമ്പൂർ-പെരുമ്പിലാവ് പാതയിൽ ചെറുകരയിലെ റെയിൽവേ ക്രോസിങ് വാഹന ഗതാഗതത്തിന് ഏറെ ദുഷ്കരമാണ്.
യാത്രട്രെയിനുകൾ മുടക്കമില്ലാതെ ഓടിയാൽ ക്രോസിങ്ങുകൾ അടച്ചിടുന്നത് ദിവസം 14 തവണയാണ്. ചെറുകരയിൽ ഗേറ്റ് അടച്ചിട്ടത് തുറക്കാനാവാതെ ഏതാനും ആഴ്ചമുമ്പ് സംസ്ഥാനപാതയിൽ ഒരു മണിക്കൂറിലേറെ റോഡ് നിശ്ചലമായിരുന്നു. പിന്നീട് വാർഷിക അറ്റകുറ്റപ്പണിയിൽ ചെറുകര റെയിൽവേ ഗേറ്റ് രണ്ടുദിവസമാണ് തുർച്ചയായി അടച്ചിട്ടത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് സംസ്ഥാനപാത.
പരപ്പനങ്ങാടി: ചെറമംഗലത്ത് അനുമതി ലഭിച്ച റെയിൽവേ മേൽപാലം പരപ്പനങ്ങാടി, താനൂർ, തിരൂരങ്ങാടി എന്നീ മൂന്ന് നഗരസഭ പരിധിയിലെ ഗതാഗതക്കുരുക്കഴിക്കാൻ സഹായകമാകും. നേരത്തേ സംസ്ഥാന സർക്കാർ ഇവിടെ ഭൂമി ഏറ്റെടുത്ത് പാലം നിർമിക്കാനാവശ്യമായ നടപടി ആരംഭിച്ചിരുന്നു. അതിനിടെയാണ് സംസ്ഥാനത്തെ 27 റെയിൽവേ മേൽപലം നിർമിക്കാൻ കെ-റെയിലിന് നൽകിയ അനുമതിയിൽ ചിറമംഗലവും ഇടംപിടിച്ചത്.
ചിറമംഗലം-ചെമ്മാട് റോഡിലെ വാഹനത്തിന്‍റെ നീണ്ട നിര ചിറമംഗലം ജങ്ഷനിൽ എത്തുന്നതോടെ പരപ്പനങ്ങാടി-താനൂർ റൂട്ടിലും തിരൂരങ്ങാടി ഭാഗേത്തേക്ക് തിരിയുന്ന വാഹന വ്യൂഹങ്ങൾക്കിടയിൽ തടസ്സം പതിവാണ്. ലെവൽ ക്രോസിൽനിന്ന് നൂറ് മീറ്ററിൽ താഴെയാണ് ചിറമംഗലം ജങ്ഷനിലേക്ക് ദൂരം. ഗേറ്റ് തുറക്കുന്നത് വരെ കാത്തുകിടക്കുകയോ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് ലക്ഷ്യസ്ഥാനത്തേക്ക് പോകുകയോ ചെയ്യേണ്ട അവസ്ഥയാണ് പരപ്പനങ്ങാടി-താനൂർ റൂട്ടിലോടുന്ന വാഹനങ്ങൾക്കുള്ളത്.
പ്രതിദിനം ശരാശരി 60 തവണയാണ് ഗേറ്റടക്കുന്നത്. തൊട്ടടുത്ത് പുത്തൻപീടിക അങ്ങാടിക്ക് കിഴക്ക് റെയിൽവേ പണിതീർത്ത സൗകര്യപ്രദമായ അടിപ്പാതയുടെ നിർമാണം പൂർത്തിയായി വർഷങ്ങൾ പിന്നിട്ടെങ്കിലും അപ്രോച്ച് റോഡുകൾ യാഥാർഥ്യമാകാതെ ഈ പാത ഉപയോഗശൂന്യമായി കിടക്കുകയാണ്. ചിറമംഗലം റെയിൽവേ മേൽപാലം ഉടൻ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭ ചെയർമാൻ എ. ഉസ്മാൻ 'മാധ്യമ'ത്തോട് പറഞ്ഞു.
പട്ടിക്കാട്: നിലമ്പൂർ-ഷൊർണൂർ റെയിൽപാളത്തിന് കുറുകെ പട്ടിക്കാട് റെയിൽവേ ഗേറ്റിൽ മേൽപാലം നിർമിക്കാനായി സാമൂഹിക ആഘാത പഠനം പുരോഗമിക്കുന്നു. ഇതിന്‍റെ റിപ്പോർട്ട് ജില്ല കലക്ടർക്ക് സമർപ്പിക്കും. സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തികൾക്കായി കലക്ടർ സ്പെഷൽ തഹസിൽദാറെ നേരത്തേ നിയമിച്ചിരുന്നു. കെ-റെയിൽ അധികൃതരും സ്പെഷൽ തഹസിൽദാറുമടങ്ങുന്ന റവന്യൂ സംഘം സ്ഥലപരിശോധന നടത്തിയിരുന്നു. സാമൂഹികാഘാത പഠന റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിച്ചാലുടൻ ടെൻഡർ നടപടി തുടങ്ങും.
തുടർന്ന്, സ്ഥലം ഏറ്റെടുത്ത് നിർമാണം ആരംഭിക്കും. കേരളത്തിൽ ആദ്യഘട്ടം നിർമിക്കുന്ന അഞ്ചു റെയിൽവേ മേൽപാലങ്ങളിൽ പട്ടിക്കാടുമുണ്ട്. റെയിൽവേ ബോർഡ് അംഗീകാരം നൽകിയതോടെ ജില്ലയിൽ ആദ്യം നിർമാണം പൂർത്തിയാകുന്നത് പട്ടിക്കാട് മേൽപാലമാകുമെന്ന് കെ-റെയിൽ അധികൃതർ അറിയിച്ചു. നിർമാണത്തിന് 50 ശതമാനം വീതം തുക സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറുമാണ് വഹിക്കുക. 22.24 കോടി രൂപ ചെലവ് വരുന്ന പാലത്തിന് 510 മീറ്റർ നീളവും സർവിസ് റോഡ് അടക്കം 20 മീറ്റർ വീതിയുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.