പരപ്പനങ്ങാടി: നെടുവയിൽനിന്ന് ചെട്ടിപ്പടിയിലേക്കുള്ള എളുപ്പവഴി ഇല്ലാതാകുന്നു. നൂറുകണക്കിന് വിദ്യാർഥികളും രോഗികളും അടങ്ങുന്ന വഴിയാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്ന അച്ചംവീട്ടിൽ ഇടവഴിയാണ് റെയിൽവേ അടച്ചു പൂട്ടാനൊരുങ്ങുന്നത്. പരപ്പനങ്ങാടി കടലുണ്ടി റോഡിൽ ചെട്ടിപ്പടി പ്രശാന്ത് ആശുപത്രിയുടെ തെക്കുഭാഗത്തെ ഈ ഇടവഴി പ്രാദേശിക ഭരണകൂടം പൊതുഫണ്ട് ചെലവഴിച്ച് ഔദ്യോഗിക വഴിയായി നാട്ടുകാർക് തുറന്നുകൊടുത്തിരുന്നു.
നെടുവ കോവിലകം റോഡിൽ നിന്നും പ്രശാന്ത് ആശുപത്രിയിലേക്കും പരപ്പനങ്ങാടിയിലെ വിവിധ സർക്കാർ ഓഫീസുകളിലേക്കും എളുപ്പം എത്താവുന്ന ഈ പാതയിലേക്ക് റെയിൽ പാളം മുറിച്ചു കടന്ന് നാട്ടുകാർ നടക്കാൻ തുടങ്ങിയിട്ട് ഏറെ തലമുറകളുടെ പഴക്കമുണ്ട്.
എന്നാൽ ഈയിടെയായി റെയിൽ പാളം മുറിച്ചു കടന്നുള്ള വിദ്യാർഥികളുടെ യാത്ര റെയിൽവെയുടെ ശ്രദ്ധയിൽപെട്ടതോടെയാണ് വഴി അടക്കാൻ തീരുമാനമുണ്ടായത്. പാളം മുറിച്ചുകടക്കുമ്പോഴുണ്ടാവുന്ന അപകടങ്ങൾ ഒഴിവാക്കാനും വന്ദേഭാരത് തീവണ്ടിക്കു അടിക്കടിയുണ്ടാകുന്ന കല്ലേറ് ഇല്ലാതാക്കാനുമാണ് വഴി അടച്ചുപൂട്ടാൻ കാരണമായി റെയിൽവേ അധികൃതർ പറയുന്നത്. ഇത്തരത്തിലുള്ള എല്ലാ വഴികളും അടക്കാൻ ഉത്തരവുണ്ടെന്നു റയിൽവേ അധികൃതർ പറഞ്ഞതായി കൗൺസിലർ ഒ. സുമിറാണി പറഞ്ഞു.
എന്നാൽ ഇതുവരെയായി ഈ പ്രദേശത്തു ഇത്തരത്തിലുള്ള അപകടങ്ങളോ അക്രമങ്ങളോ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നൂറുകണക്കിന് വിദ്യാർഥികളും കാൽനട യാത്രക്കാരും പാതയില്ലാതാകുന്നതോടെ കഷ്ടപ്പെടും. പരിഹാരമായി റയിൽവേ അടിപ്പാത നിർമിക്കണമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.