പരപ്പനങ്ങാടി: കെ-റെയിൽ പദ്ധതിക്കെതിരെ ഇടതുപക്ഷ കൗൺസിലർമാരുടെ ശക്തമായ വിയോജിപ്പ് അവഗണിച്ച് പരപ്പനങ്ങാടി നഗരസഭ പ്രമേയം പാസാക്കി. ഇടത് അംഗങ്ങളുടെ ബഹിഷ്കരണത്തെ തുടർന്ന് സഭ ഐകകണ്ഠ്യേനയാണ് പാസാക്കിയത്. ലീഗ് അംഗം കെ.കെ.എസ്. തങ്ങൾ അവതാരകനും കോൺഗ്രസ് അംഗവും സ്ഥിര സമിതി ചെയർമാനുമായ പി.വി. മുസ്തഫ അനുവാദകനുമായി. ബി.ജെ.പി അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ സഭ വിട്ടിറങ്ങിയ ഇടത് അംഗങ്ങൾ പ്രമേയത്തിന്റെ കോപ്പി കത്തിച്ചും പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കിയും ടൗണിൽ പ്രകടനം നടത്തി. കൗൺസിലർമാരായ ടി. കാർത്തികേയൻ, കെ.സി. നാസർ, മെറീന തുടങ്ങിയവർ നേതൃത്വം നൽകി.
അതിനിടെ നാടിനെ ഇല്ലാതാക്കാനുള്ള നീക്കത്തെ എതിർത്ത് ചരിത്രപരമായ നിയോഗത്തിന് നേതൃത്വം നൽകിയ യു.ഡി.എഫ് അംഗങ്ങളെ അഭിനന്ദിച്ചും കെ-റെയിൽ പദ്ധതി രേഖ കത്തിച്ചും യു.ഡി.എഫ് പ്രവർത്തകരും കൗൺസിലർമാരും ടൗണിൽ പ്രകടനം നടത്തി. ലീഗ് ജനറൽ സെക്രട്ടറി സി. അബ്ദുറഹിമാൻ കുട്ടി, കോൺഗ്രസ് നേതാവ് കെ.പി. ഷാജഹാൻ, മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ എന്നിവർ നേതൃത്വം നൽകി. നഗരസഭ ഓഫിസ് കെട്ടിടവും ഷോപ്പിങ് കോംപ്ലക്സുമടക്കമുള്ള ടൗണിലെ നൂറുകണക്കിന് കെട്ടിട സമുച്ചയങ്ങളും ക്ഷേത്രങ്ങളും പള്ളികളും ചർച്ചും സ്കൂളുകളും മദ്രസകളും സർക്കാർ ആശുപത്രിയും പൊളിച്ചുമാറ്റിയുള്ള റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നതാണ് നാടിന്റെ ആവശ്യമെന്നും പരപ്പനങ്ങാടിയുടെ ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങൾ പഠിക്കാതെ ഭൂമി ഏറ്റെടുക്കരുതെന്നും ചെയർമാൻ എ. ഉസ്മാൻ പറഞ്ഞു. അതേസമയം സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതിയോടൊപ്പം നിൽക്കേണ്ട പ്രാദേശിക ഭരണകൂടം പുരോഗമന വിരുദ്ധമായ സമീപനമാണ് കൈക്കൊള്ളുന്നതെന്നും അനാവശ്യ ഭീതി സൃഷ്ടിക്കുകയാണെന്നും നഗരസഭയിലെ ഇടത് കക്ഷി നേതാവ് ടി. കാർത്തികേയൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.