പരപ്പനങ്ങാടി: കണ്ണീരുപ്പുള്ള അപേക്ഷയുമായി സക്കരിയയുടെ ഉമ്മ നവകേരള സദസ്സിൽ. രോഗശയ്യയിൽ തളർന്ന് കിടന്ന് ആ ഉമ്മയുടെ അപേക്ഷ സമർപ്പണം ഹൃദയ ഭേദക കാഴ്ചയായി. ഒന്നര പതിറ്റാണ്ടിലേറെയായി കർണാടകയിലെ അഗ്രഹാര ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയയുടെ മാതാവ് ബിയ്യുമ്മയാണ് അവശനിലയിലെത്തി നിവേദനം നൽകിയത്. വിധിയും വിചാരണയുമില്ലാതെ തടവിലാക്കപ്പെട്ട മകനെ ഒരു നോക്ക് കാണാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് പറയാനാണ് ബിയ്യുമ്മ തിരൂരങ്ങാടി മണ്ഡലം നവകേരള സദസ്സിലെത്തിയത്. സാക്ഷി വിസ്താരമെല്ലാം പൂർത്തിയാക്കി വിചാരണ കോടതി ഉടൻ വിധി പറയുമെന്ന് കരുതിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും സക്കരിയ്യയുടെ വിചാരണ തടവ് അനന്തമായി നീളുകയാണ്. ബംഗളൂരു ബോംബ് സ്ഫോടനത്തിന് ഉപയോഗിച്ച റിമോർട്ട് നിർമിച്ച കടയിൽ നേരത്തെ സക്കരിയ്യ ജോലി ചെയ്തതാണ് കേസിലകപെടാനിടയാക്കിയത്. ഫ്രീ സകരിയ്യ ആക്ഷൻ ഫോറം നേതാക്കളായ അശറഫ് ശിഫ, സമീർ കോണിയത്ത്, സക്കീർ പരപ്പനങ്ങാടി, റബീഅത്ത് എന്നിവർ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.