പരപ്പനങ്ങാടി: ഉല്ലാസയാത്രക്കിടെ താനൂർ കെട്ടുങ്ങൽ അഴിമുഖത്തിന് സമീപം നടന്ന ബോട്ടപകടത്തിൽ ജീവൻ പൊലിഞ്ഞ 11 പേരുൾപ്പെടെ രണ്ട് കുടുംബങ്ങൾ ഒന്നിച്ച് കഴിഞ്ഞിരുന്ന ഒറ്റമുറി വീട് ഇപ്പോൾ ഹൃദയഭേദകമാണ്. വീട്ടിൽ സൗകര്യമില്ലാത്തതിനാൽ കുന്നുമ്മൽ വീട്ടിലെ ഗൃഹനാഥന്മാരായ സെയ്തലവിയുടെയും സിറാജിന്റെയും അന്തിയുറക്കം തൊട്ടടുത്ത ബന്ധുവിന്റെ വീട്ടിലായിരുന്നു.
ഇല്ലായ്മയുടെ ഒറ്റമുറിയിൽ ഒറ്റപ്പായ വിരിച്ച് കിടന്നുറങ്ങാൻ ശീലിച്ച സെയ്തലവിയുടെ ഭാര്യ സീനത്തും സിറാജിന്റെ ഭാര്യ റസീനയും ഇരുവരുടെയും മക്കളും പുത്തൻകടപ്പുറത്ത് ഖബർസ്ഥാനിൽ സമീപഖബറുകളിൽ അന്തിയുറങ്ങുകയാണ്.
സെയ്തലവിയുടെ മക്കളും ഹയർ സെക്കൻഡറി വിദ്യാർഥികളുമായ അസ്ന, ഷംന, അനുജത്തിമാരായ ഷഫ്ല ഷറിൻ, ഫിദ ദിൽന, സിറാജിന്റെ മക്കളായ മൂന്നാം ക്ലാസുകാരി ഷഹ്റ, ഒന്നാം ക്ലാസ് വിദ്യാർഥിനി റുഷ്ദ, പത്തുമാസം പ്രായമുള്ള നൈറ ഫാത്തിമ എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
ഉറ്റവരെല്ലാം കൈവിട്ട്, ദ്രവിച്ചാടിയ ഒറ്റമുറി ഓടുപുരക്ക് താഴെ നിലക്കാതെ കണ്ണീർ വാർക്കുകയാണ് സെയ്തലവിയും സിറാജും മാതാവ് റുഖിയയും. നഷ്ടപ്പെട്ടതൊന്നും തിരിച്ചുകിട്ടാനുള്ളതല്ലെന്ന ഉറച്ചബോധ്യത്തിലും നിന്നുതിരിയാനിടമില്ലാത്ത ഒറ്റമുറിയിൽ തടിച്ചു കൂടിയവരുടെ കണ്ണുകളിലേക്കുറ്റുനോക്കുകയാണിവർ. ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ മാതാവിനോടും മക്കളോടും എന്ത് പറയണമെന്നറിയാതെ ക്ഷമ കൊണ്ട് ഉപദേശിക്കുകയാണ് എല്ലാവരും.
നല്ല പഠനനിലവാരം പുലർത്തിയിരുന്ന മക്കളും ഏറെക്കാലമായി സ്വപ്നം നെയ്ത, ഇനിയും പടുത്ത് ഉയരാത്ത തറയും മാത്രമായിരുന്നു ഈ കുടുംബത്തിന്റെ ജീവിതസമ്പാദ്യം. വീടെന്ന സ്വപ്നപദ്ധതിയുടെ തറ ഇനി തളിരിടുമെന്ന് പ്രതീക്ഷിക്കാമെങ്കിലും വീട്ടിൽ ഓടി കളിക്കേണ്ട പ്രകാശകിരണങ്ങൾ മിഴിയടച്ചതിന്റെ ഇരുൾപാടുകൾ എങ്ങിനെ മാറുമെന്നാണ് ഏവരുടെയും ഉള്ളുലക്കുന്ന ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.