പരപ്പനങ്ങാടി: കെ. റെയിലിനും സാങ്കേതിക കുരുക്കുകൾക്കുമിടയിൽ കൈവിട്ട് പോകുമോ എന്ന ആശങ്ക ഉയർന്ന ചെട്ടിപ്പടി റെയിൽവേ മേൽപ്പാല നിർമാണത്തിന് സർക്കാറിന്റെ പച്ചക്കൊടി. അനിശ്ചിതത്വങ്ങളെല്ലാം നീങ്ങി ഉടൻ പ്രവൃത്തി തുടങ്ങുമെന്ന് കെ.പി.എ. മജീദ് എം.എൽ.എ അറിയിച്ചു. ജൂലൈ അവസാനമോ, ആഗസ്റ്റ് ആദ്യ വാരമോ പണി ആരംഭിക്കും. ഇടതുസർക്കാരിന്റെ ഇടപെടൽ കൊണ്ടാണ് പ്രവൃത്തി വൈകാനുള്ള കാരണമെന്ന് എം.എൽ എ കുറ്റപ്പെടുത്തി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാലം നിർമാണോദ്ഘാടനം നിർവഹിച്ചിരിന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി ആരംഭിച്ചില്ല. അന്ന് 19.22 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. എന്നാൽ നിർമാണം വൈകിയതിനാൽ പൊതുമരാമത്ത് പ്രവൃത്തികളുടെ റേറ്റിൽ വർധന വന്നു. ഇതോടെ എസ്റ്റിമേറ്റ് നിരക്ക് 19.22 കോടിയിൽനിന്ന് 25.45 കോടിയായി ഉയർന്നു.
നേരത്തെ ഉണ്ടായിരുന്ന ഭരണാനുമതിക്ക് പകരം തുക 25.45 കോടി രൂപയായി വർധിപ്പിച്ചുള്ള പുതുക്കിയ ഭരണാനുമതിയും, ഇതിനു കിഫ്ബിയുടെ അനുമതിയും ലഭ്യമാക്കേണ്ടി വന്നു. ഇപ്പോൾ ഈ നിർമാണത്തിന്റെ സാങ്കേതിക അനുമതിയും ടെണ്ടർ നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്. റെൻഡറിന്റെ ഭാഗമായ ഫിനാഷ്യൽ ബിഡ്, ടെക്നിക്കൽ ബിഡ് എന്നിവ പൂർത്തീകരിച്ചു.
ഈ പ്രവൃത്തിയുടെ ട്രഷറി ഡെപ്പോസിറ്റ് തുകയായ 2.87 കോടി രൂപ കരാർ ഏറ്റെടുത്ത തമിഴ് നാട് ആസ്ഥാനമായ കമ്പനി അടച്ചിട്ടുണ്ട്. അവശേഷിക്കുന്ന നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ദിവസങ്ങൾക്കകം പ്രവൃത്തി ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ കെ.പി.എ മജീദ് എം.എൽ.എക്ക് ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.