പരപ്പനങ്ങാടി: ഫിഷറീസ് നഗരികളിലെ ഇരട്ട വീടുകൾക്ക് പട്ടയം തേടി നഗരസഭ ചെയർമാൻ റവന്യൂ മന്ത്രിയെ കണ്ടു. നഗരസഭയിലെ ഏറെ കാലത്തെ മുറവിളിയാണ് പുത്തൻകടപ്പുറം, ആലുങ്ങൽ ഫിഷറീസ് നഗരികളിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കുക എന്നത്. നേരത്തേ കെ.പി.എ. മജീദ് എം.എൽ.എയുടെ നേതൃത്വത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയനുമായി ഇക്കാര്യത്തിൽ ചർച്ച നടത്തുകയും പ്രദേശത്ത് ഉദ്യാഗസ്ഥർ പരിശോധന നടത്തുകയും കോസ്റ്റൽ ഡെവലപ്മെന്റ് കോർപറേഷൻ എസ്റ്റിമേറ്റ് തയാറാക്കി അയക്കുകയും ചെയ്തിരുന്നു. എന്നാൽ, പകുതിയിലധികം വീടുകളിലുള്ളവർക്ക് അവരുടെ പേരിലല്ല പട്ടയമുള്ളത്. നിലവിലെ താമസിക്കുന്നവരുടെ പേരിൽ പട്ടയം കിട്ടാനായി റവന്യു മന്ത്രിയെ എം.എൽ.എ കെ.പി.എ. മജീദ് മുഖേന നഗരസഭ ശ്രമം നടത്തിയിരുന്നു. മന്ത്രി റിപ്പോർട്ട് ആവശ്യപ്പെടുകയും ഇക്കാര്യത്തിൽ ഇടപെട്ട് നിലവിൽ താമസിക്കുന്നവരുടെ പേരിൽ പട്ടയം നൽകുന്നതിന് വേണ്ട നീക്കങ്ങൾ നടത്താമെന്ന് ഉറപ്പ് നൽകിയിരുന്നു. നിലവിൽ താമസിക്കുന്നവരുടെ പേരിൽ പട്ടയം മാറ്റാനുള്ള നടപടികൾ വേഗത ആവശ്യപ്പെട്ട് നഗരസഭയുടെ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് റവന്യൂ മന്ത്രി കെ. രാജനെ നേരിൽ കാണുകയും ഉറപ്പു നേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.