പരപ്പനങ്ങാടി (മലപ്പുറം): കെ റെയിലിന്‍റെ വരവോടെ ചരിത്രത്തിന്‍റെ ഭാഗമായി മാറുമെന്ന ആശങ്ക ഉയർന്ന പരപ്പനങ്ങാടിയെ രക്ഷിക്കാൻ നിലവിലെ സർവേ അലൈൻമെന്‍റ് മാറ്റി ബദൽ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് സേവ് പരപ്പനങ്ങാടി ഫോറം ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിമാർക്ക് നിവേദനം നൽകി. മുന്നൂറോളം വീടുകളും വിദ്യഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവ പൊളിക്കപ്പെടുകയും ബദൽ സംവിധാനമൊരുക്കാൻ സൗകര്യമില്ലാത്ത കടലോരത്തിന്‍റെയും പുഴയോരത്തിന്‍റെയും നടുവിൽ പുനരധിവാസം സാധ്യമാവാത്ത പരപ്പനങ്ങാടി നഗരസഭയെ മൊത്തത്തിൽ കെ റെയിൽ പദ്ധതി വിഴുങ്ങുമെന്ന് സേവ് പരപ്പനങ്ങാടി ഫോറം നേതാക്കൾ അധികാരികളെ ധരിപ്പിച്ചു.
മണ്ഡലം എം.എൽ.എ കെ.പി.എ. മജീദ്, പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ, കെ റെയിൽ വിരുദ്ധ ആക്ഷൻ കമ്മിറ്റി ജില്ല അധ്യക്ഷൻ അബൂബക്കർ ചെങ്ങാട്ട്, സേവ് പരപ്പനങ്ങാടി ഫോറം നേതാവ് അച്ചമ്പാട്ട് അബ്ദുൽ സലാം എന്നിവർ ദൗത്യസംഘത്തിന് നേതൃത്വം നൽകി.
കെ റെയിൽ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക അസ്ഥാനത്തല്ലെന്നും അതിന്‍റെ പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങളും ജനങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കഷ്ടനഷ്ടങ്ങളും ആശങ്കാജനകം തന്നെയാണെന്നും കേന്ദ്ര റെയിൽവേ വമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയതായി ദൗത്യസംഘത്തിന് നേതൃത്വം നൽകിയ പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഈ വസ്തുതകൾ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിലാണ് നിവേദക സംഘം ഡൽഹിയിൽ റെയിൽവേ മന്ത്രിയെ കണ്ടത്. 550 കിലോ മീറ്റർ നീളത്തിൽ 11 ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പദ്ധതിയിലൂടെ കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ് ഉണ്ടാകാൻ പോകുന്നതെന്ന് നിവേദക സംഘം മന്ത്രിയോട് വിശദീകരിച്ചു.
ഇരുപതിനായിരത്തിലധികം കുടുംബങ്ങൾ വഴിയാധാരമാകുമെന്നും അമ്പതിനായിരത്തിലധികം കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ടി വരുകയും ചെയ്യുമെന്ന കാര്യം നിവേദക സംഘം മന്ത്രിയെ ധരിപ്പിച്ചു. എസ്റ്റിമേറ്റ് തയാറാക്കിയതിലും ഇതിനു വേണ്ടി മുടക്കുന്ന സംഖ്യയും അതിൽനിന്ന് ലഭിക്കുന്ന പ്രയോജനവും തമ്മിൽ നോക്കിയാൽ വലിയ തോതിലുള്ള പൊരുത്തക്കേടുണ്ട്.
കേന്ദ്ര സർക്കാറിന്‍റെ അനുമതി ലഭിക്കുന്നതിനു മുമ്പ് തന്നെ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ച് നിഷേധാത്‍മക നിലപാടാണ് ഇക്കാര്യത്തിൽ കേരള സർക്കാർ എടുത്തിട്ടുള്ളത്. പരപ്പനങ്ങാടി നഗരം തന്നെ പാടെ ഇല്ലാതാകുമെന്ന ആശങ്കയും നിവേദക സംഘം മന്ത്രിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.