പരപ്പനങ്ങാടി: എട്ടു വർഷമായി അനിശ്ചിതമായി നീളുന്ന പെർമിറ്റ് പുതുക്കലും മത്സ്യ ബന്ധന ഉപകരണ പരിശോധനയും ഇത്തവണയും മുടങ്ങി. ജനുവരി 16ന് നടത്താൻ നിശ്ചയിച്ച പരമ്പരാഗത മത്സ്യയാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് പരിശോധനയാണ് കോവിഡ് ഉയർന്ന പശ്ചാതലത്തിൽ ഫിഷറീസ് വകുപ്പ് മാറ്റിവെച്ചത്.
മത്സ്യഫെഡും ഫിഷീറിസ് വകുപ്പും സിവിൽ സപ്ലൈസ് വകുപ്പും സംയുക്തമായാണ് പരിശോധക്ക് തയാറായത്.
എട്ടു വർഷമായി മണ്ണെണ്ണ പെർമിറ്റ് പരിശോധന നടത്താത്തതിനാൽ ഇക്കാലയളവിൽ പുതുതായി മത്സ്യബന്ധന യാനമിറക്കിയവർക്കും എനജിൻ വാങ്ങിയവർക്കും പുതുതായി പെർമിറ്റ് ലഭിച്ചിട്ടില്ല. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് പെർമിറ്റ് ലഭിക്കാതെ കഷ്ടപ്പെടുന്നത്. വലിയ വില നൽകി കരിഞ്ചന്തയിൽനിന്നാണ് ഇവർ മണ്ണെണ്ണ വാങ്ങുന്നത്.
പെർമിറ്റിൽ അനുവദിച്ച മണ്ണെണ്ണ തന്നെ പലപ്പോഴും ലഭിക്കാറില്ല. സ്റ്റോക്കിന്റെ തോത് അനുസരിച്ച് അനുവദിക്കപ്പെട്ട മണ്ണെണ്ണയുടെ 40 മുതൽ 60 ശതമാനം വരെയാണ് ലഭ്യമാവുക.
അതിനാൽ പെർമിറ്റ് കൈവശമുള്ളവരും പലപ്പോഴും കരിഞ്ചന്തയിൽനിന്ന് മണ്ണെണ്ണ വാങ്ങിയാണ് തൊഴിലിനിറങ്ങുന്നത്. അനന്തമായി നീളുന്ന പരിശോധന സമ്പ്രദായം മാറ്റി രണ്ടു വർഷത്തിലൊരിക്കൽ നടത്തണമെന്നാണ് ആവശ്യം.
പത്തു വർഷം മുമ്പ് പൊതുവിപണിയിലെ പെർമിറ്റ് മണ്ണെണ്ണയുടെ വില 45 രൂപയായിരുന്നപ്പോൾ സർക്കാർ അതിൽ 25 രൂപ സമ്പ്സിഡി അനുവദിച്ചിരുന്നു. ഇപ്പോൾ പൊതുമാർക്കറ്റിൽ 88.90 ഉയർന്നപ്പോഴും ഇതേ 25 രൂപയാണ് സബ്സിഡി നൽകുന്നത്. ബോട്ടുകൾക്ക് ഡീസലിന് നൽകുന്ന പ്രത്യേക സബ്സിഡി ഇൻബോഡ് എൻജിനുമായി മീൻ പിടിക്കാനിറങ്ങുന്ന പരമ്പരാഗത ഫൈബർ ചുണ്ടൻ വള്ളങ്ങൾക്കും നൽകണമെന്നാണ് പരമ്പരാഗത തൊഴിലാളികളുടെ വാദം. പലപ്പോഴും കാലിയായ വലകളുമായി തീരത്തെത്തുന്ന മത്സ്യത്തൊഴിലാളികൾ പ്രാദേശിക സഹകരണ ബാങ്കുകളുടെ ജപ്തി ഭീഷണി നേരിടുന്നവർ കൂടിയാണ്.
ലക്ഷങ്ങളുടെ വിലയുള്ള വലകൾ കടൽ പാറയിൽ തട്ടിയും കടൽ മാക്രികൾ കടിച്ചു കീറിയും സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ പോലും ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.