പരപ്പനങ്ങാടി: വേദനിച്ചു ജീവിക്കാൻ വിധിക്കപ്പെട്ട കുടുംബത്തിന്റെ കണ്ണീരൊപ്പാൻ സമൂഹം കൈകോർക്കുന്നു. ജീവിച്ചു തുടങ്ങുംമുമ്പേ വ്യത്യസ്ത രോഗങ്ങളുടെ പിടിയിലാണ് ഒരു വീട്ടിലെ രണ്ടു മക്കൾ. നെടുവ കോവിലകം റോഡ് കുറുങ്ങോടത്തിൽ സദാശിവൻ -വിജയലക്ഷ്മി ദമ്പതികളുടെ രണ്ടു മക്കളും പാൻക്രിയാസ് രോഗം പിടിപെട്ട് ചികിത്സയിലാണ്. വൃക്കരോഗത്തോടൊപ്പം പാൻക്രിയാസ് രോഗവും പിടിപെട്ട് കണ്ണുകളുടെ കാഴ്ചയും നഷ്ടപ്പെട്ടിരിക്കുകയാണ്.
മൂത്ത മകൾ സ്നേഹക്ക് വൃക്കയും പാൻക്രിയാസും മാറ്റിവെച്ചാൽ കാഴ്ച തിരിച്ചുകിട്ടുമെന്നാണ് കോയമ്പത്തൂർ കോവെ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം. 17കാരനായ അനുജൻ സായൂജിന് പാൻക്രിയാസും മാറ്റിവെക്കണം. രണ്ടുപേരുടെ ചികിത്സക്കുമായി ഒരു കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
സായൂജ് ജന്മനാ അസുഖബാധിതനാണ്. ആദ്യ ഘട്ടത്തിൽ നടക്കാൻ പോലുമാകാതെ മിക്ക ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്. എന്നാൽ, പിന്നീട് ആയുർവേദ ചികിത്സയിലൂടെ നടക്കാൻ കഴിഞ്ഞു. നെടുവ ഗവ. ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. സ്നേഹക്ക് അസുഖം തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം ടി.ടി.സി പഠനം കൂടി പൂർത്തിയാക്കിയ ഈ 21കാരി പഠിപ്പിലും ഏറെ മിടുക്കിയാണ്. അതിനിടയിലാണ് കാഴ്ച നഷ്ടപ്പെട്ടത്. ചികിത്സക്കായി ലക്ഷങ്ങളാണ് കൂലിപ്പണിക്കാരനായ സദാശിവൻ ചെലവഴിച്ചത്. ആകെയുള്ള 10 സെന്റ് സ്ഥലവും കിടപ്പാടവും ഇപ്പോൾ പണയത്തിലാണ്. വൻ കടബാധ്യതയുമുണ്ട്.
പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ ചെയർമാനും കൗൺസിലർ സി. ജയദേവൻ കൺവീനറും ഒ. ബാബു ട്രഷററുമായി ജനകീയ കമ്മിറ്റിക്ക് രൂപം നൽകി. പരപ്പനങ്ങാടി എസ്.ബി.ഐ ശാഖയിൽ സ്നേഹ ചികിത്സ സഹായ നിധി (Sneha chikithsa sahaya nidhi) എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 40692107232. ഐ.എഫ്.എസ്.സി: SBIN0001153. ഗൂഗ്ൾ പേ: 9349950269 (vijayalakshmi). വിവരങ്ങൾക്ക്: 9349203010, 9526158769.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.