പരപ്പനങ്ങാടി: ഡ്രൈവിങ് സ്കൂളിൽനിന്ന് ഒന്നര ലക്ഷം കവർന്ന കേസിൽ യുവാവ് പിടിയിൽ. ഒതുക്കുങ്ങൽ സ്വദേശി ടി. അബ്ദുൽ റസാഖാണ് (34) അറസ്റ്റിലായത്. സെപ്റ്റംബർ 20ന് പരപ്പനങ്ങാടി ടൗണിലെ അപ്പൂസ് ഡ്രൈവിങ് സ്കൂളിൽനിന്നാണ് ഇയാൾ ഒന്നര ലക്ഷം രൂപ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വാഹനങ്ങളുടെ നികുതി അടക്കാനായി ഏൽപിച്ച തുകയാണ് സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് കവർന്നത്.
അബ്ദുൽ റസാഖിനെതിരെ മുമ്പ് സമാന രീതിയിൽ കുറ്റകൃത്യം ചെയ്തതിന് മലപ്പുറം, നിലമ്പൂർ, കോട്ടക്കൽ തൃശൂർ ഈസ്റ്റ്, ഹേമാംബിക നഗർ സ്റ്റേഷനിലും കേസുണ്ട്. മോഷ്ടിച്ച പണം ഉപയോഗിച്ച് ചെന്നൈ, കോയമ്പത്തൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ ആർഭാട ജീവിതം നയിക്കുകയാണ് ഇയാളുടെ രീതിയെന്ന് പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ കെ.ജെ. ജിനേഷ് പറഞ്ഞു.
ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദേശാനുസരണം താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ മേൽനോട്ടത്തിൽ പരപ്പനങ്ങാടി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, എസ്.ഐ ആർ.യു. അരുൺ, അബൂബക്കർ കോയ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.