പരപ്പനങ്ങാടി: സാങ്കേതികവും പ്രാദേശികവുമായ കാരണങ്ങളാൽ ചുകപ്പുനാടയിൽ കുടുങ്ങിയ പരപ്പനങ്ങാടി ഫിഷിങ് ഹാർബർ പദ്ധതി യാഥാർഥ്യത്തിലേക്ക്. ജില്ലയിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖം പരപ്പനങ്ങാടിയിൽ യാഥാർഥ്യമാവുകയാണ്. നിർമാണമാരംഭിച്ച ശേഷം കരിങ്കൽ ക്ഷാമമൂലം ഇടക്ക് പ്രതിസന്ധി നേരിട്ട ഹാർബർ നിർമാണം ഇപ്പോൾ ത്വരിതഗതിയിലായിട്ടുണ്ട്. പുലിമുട്ട് നിർമാണത്തിന്റെ എൺപത്തിയഞ്ച് ശതമാനവും പൂർത്തിയാകുകയും ജെട്ടി നിർമ്മിതിയുടെ പൈലിങ് പ്രവൃത്തി തുടങ്ങുകയും ചെയ്തു.
ചാപ്പപ്പടി അങ്ങാടി, ചെട്ടിപ്പടി ഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമാവും വിധമാകും ജെട്ടി നിർമാണം. അങ്ങാടി ചാപ്പപ്പടി തീരത്തിനിടയിൽ 600 മീറ്റർ വിസ്തൃതിയിൽ ജില്ലയിലെ ഏറ്റവും വലിയ ഹാർബർ പദ്ധതിയാണ് വിഭാവന ചെയ്തത്. വടക്കുഭാഗത്ത് ചെട്ടിപ്പടി, അങ്ങാടി ഭാഗങ്ങളിൽ 785 മീറ്റർ നീളമുള്ള പുലിമുട്ടിന്റെയും തെക്ക് ചാപ്പപ്പടി ഭാഗത്ത് 1410 മീറ്റർ നീളമുള്ള പുലിമുട്ടിന്റെയും നിർമിതി ഏറെക്കുറെ പൂർത്തിയായി. ഇടക്ക് ക്വാറികളിൽനിന്ന് യഥേഷ്ടം കരിങ്കല്ല് ലഭ്യമാവാത്തതിനാൽ നിർമാണപ്രവൃത്തിക്ക് തടസം നേരിട്ടതിനെത്തുടർന്ന് തീരദേശത്തെ ഇടതുപക്ഷ പ്രവർത്തകർ നവകേരള സദസ്സിൽ പരാതി നൽകിയിരുന്നു.
പുലിമുട്ടിന്റെയും ജെട്ടിയുടെയും പണി പൂർത്തിയാകുന്ന മുറക്ക് അനുബന്ധ സ്ഥാപനങ്ങളുടെ നിർമാണത്തിന് കാത്തിരിക്കാതെ 2024 മാർച്ചിന് മുമ്പായി ഹാർബർ ഒന്നാം ഘട്ടം ഉദ്ഘാടനം നടത്തണമെന്നാണ് ഇടതുമുന്നണിയുടെ പ്രാദേശിക താൽപര്യം. അതിനുളള കൊണ്ടുപിടിച്ച നീക്കം നടക്കുന്നുണ്ട്. ലേലപ്പുര, മീൻ കയറ്റാനുള്ള സൗകര്യം, ഭക്ഷണശാല, വിശ്രമമുറി, വലകൾ സൂക്ഷിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യം, ശൗചാലയങ്ങൾ എന്നിവ ഇരുകെട്ടിടങ്ങളിലും ഉണ്ടാകുമെങ്കിലും ഇവയെല്ലാം ഒന്നാംഘട്ട ഉദ്ഘാടനത്തിന് ശേഷമാകും നിർമാണത്തിലേക്ക് കടക്കുകയെന്നാണ് സൂചന. സംസ്ഥാന സർക്കാർ കിഫ്ബി മുഖേന അനുവദിച്ച 113 കോടി രൂപക്കാണ് പ്രവൃത്തികൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.