പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയുടെ അവശേഷിക്കുന്ന ഭരണകാലാവധിയായ ഒന്നര വർഷത്തേക്ക് യൂത്ത് ലീഗ് മുനിസിപ്പൽ അധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദിനെ ചെയർമാനായി തെരഞ്ഞെടുത്തു. 29 വോട്ടുകൾ നേടിയാണ് വിജയം. എതിർ സ്ഥാനാർഥി ഇടതുമുന്നണി പാർലമെന്ററി നേതാവ് ടി. കാർത്തികേയൻ 13 വോട്ടാണ് നേടിയത്.
ലീഗിലെ 25, കോൺഗ്രസിലെ മൂന്ന്, വെൽഫെയർ പാർട്ടി ഒന്ന് എന്നിങ്ങനെയാണ് ഷാഹുൽ ഹമീദിന് പോൾ ചെയ്തത്.
ബി.ജെ.പിയിലെ മൂന്ന് അംഗങ്ങളും വോട്ടുകൾ അസാധുവാക്കി. ജില്ല ടൗൺ പ്ലാനർ ഡോ. ആർ. പ്രദീപ് വരണാധികാരിയായി. സെക്രട്ടറി ബൈജു പുത്തലതൊടി സംബന്ധിച്ചു.
നേതൃമാറ്റവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ദിവസങ്ങളായി ഉരുണ്ടുകൂടിയ പ്രതിസന്ധി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരിക്കാൻ നേതൃത്വം നടത്തിയ സാഹസിക നീക്കങ്ങൾ വിജയിച്ചു. അതേസമയം എസ്.ടി.യു, മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന, ജില്ല, മുനിസിപ്പൽ നേതാക്കളുടെ സാന്നിധ്യത്തിൽ പുതിയ ചെയർമാന്റെ സത്യപ്രതിജ്ഞ ചടങ്ങിൽനിന്ന് ഒരുവിഭാഗം ലീഗ് കൗൺസിലർമാർ മാറിനിന്നത് ചർച്ചക്കിടയാക്കി.
അതേസമയം, വോട്ടെണ്ണൽ സമയം വരണാധികാരി വോട്ടു ചെയ്തവരുടെയും ചെയ്യപ്പെട്ടവരുടെയും പേരുകൾ പരസ്യമായി വായിക്കുകവഴി ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ രഹസ്യ സ്വഭാവം ഹനിച്ചതായി ഇടത് കൗൺസിലർ കെ.സി. നാസർ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മുസ്ലിം ലീഗ് മണ്ഡലം ട്രഷർ വി.പി. കോയ ഹാജി പാർട്ടി സ്ഥാനം രാജിവെച്ചു. നേരത്തെ രാജിവെച്ച മുനിസിപ്പൽ ചെയർമാൻ ഉസ്മാൻ അമ്മാറമ്പത്തിന്റെ തട്ടകമായ ഉള്ളണത്തെ ലീഗ് പ്രവർത്തകരുടെ പൊതുവികാരം മാനിച്ചാണ് രാജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.