പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയുടെ ചെയർമാൻ പദവി മൂന്നു വർഷം പിന്നിട്ടാൽ മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.പി. ഷാഹുൽ ഹമീദിന് നൽകാമെന്ന നേതൃത്വം വാക്കാൽ പറഞ്ഞ ധാരണ നടപ്പാക്കമെന്നാവശ്യപ്പെട്ട് പാർട്ടിയിലെ തീരദേശ നിര രംഗത്തെത്തി. യൂത്ത് ലീഗ് ജാഥയുടെ സ്വീകരണം സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിലാണ് തീരദേശ ബെൽറ്റ് ഇതുസംബന്ധിച്ച വിശദീകരണം തേടി നടപടി ആവശ്യപ്പെട്ടത്. മുസ്ലിം ലീഗ് കൗൺസിലർമാരിൽ ഭൂരിപക്ഷവും നിലവിലെ സ്ഥിതി തുടരണമെന്നും ചെയർമാൻ എ. ഉസ്മാനും സ്ഥിരംസമിതി ചെയർമാൻ പി.പി. ഷാഹുൽ ഹമീദും ഉത്തരവാദിത്വ നിർവഹണത്തിൽ കാണിക്കുന്ന ജാഗ്രതയും സമീപനവും തൃപ്തികരമാെണന്ന പക്ഷക്കാരാണ്. എന്നാൽ, പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ഇടതുപക്ഷം അവസരം മുതലെടുക്കാൻ തക്കം പാർത്തിരിക്കുന്ന സാഹചര്യം നേതൃത്വത്തിന് തള്ളിക്കളയാനാവില്ല.
അതേസമയം ഉസ്മാൻ തന്നെ കാലാവധി തീരുന്നതുവരെ ചെയർമാൻ സ്ഥാനത്ത് തുടരണമെന്നാണ് തീരദേശത്തെ പ്രവർത്തകരുടെ അഭിപ്രായമെന്ന് മത്സ്യത്തൊഴിലാളിയായ തീരദേശത്തെ സജീവ പ്രവർത്തകൻ സിദ്ദീഖ് പറഞ്ഞു. എന്നാൽ, പാർട്ടി തീരുമാനമെന്തായാലും അതോടൊപ്പം ഉറച്ചുനിൽക്കുമെന്ന് തീരദേശ വാർഡിലെ കൗൺസിലർ ടി.ആർ. റസാഖ് പറഞ്ഞു.
സത്യപ്രതിജ്ഞ സമയത്ത് യൂത്ത് ലീഗിന് നൽകിയ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയാൽ പ്രാദേശിക ലീഗ് നേതൃത്വത്തിന് മറിച്ചൊരു നിലപാട് സ്വീകരിക്കേണ്ടി വരും. എന്നാൽ, അധികാരത്തോട് ആർത്തി കാണിക്കാത്ത സൗമ്യനും യൂത്ത് ലീഗ് പ്രായം പിന്നിട്ടിട്ട് അധിക കാലമായിട്ടില്ലാത്ത യുവ ലീഗ് പ്രവർത്തകനുമായ നഗരസഭ ചെയർമാൻ എ. ഉസ്മാനോട് കടുത്ത നിലപാട് വേണ്ടെന്നാണ് യൂത്ത് ലീഗ് നേതൃത്വത്തിലെ പലരുടെയും നിലപാട്.
അതേസമയം പാർട്ടിയിൽ ഇപ്പോൾ തല മാറ്റത്തെ കുറിച്ച് ചർച്ചയില്ലെന്നും ഏൽപ്പിച്ച ജോലികൾ ചെയർമാനും സ്ഥിരംസമിതി ചെയർമാനും ഭംഗിയായി നിർവഹിക്കുന്നതിനാൽ ആരേയും മാറ്റേണ്ട കാര്യമില്ലെന്നാണ് തന്റെ നിലപാടെന്നും മറ്റു കാര്യങ്ങൾ ചർച്ചക്ക് വന്നാൽ അറിയിക്കാമെന്നും മുനിസിപ്പൽ മുസ്ലിം ലീഗ് അധ്യക്ഷൻ അലി തെക്കെപാട്ട് ‘മാധ്യമ’ത്തോട് പറഞ്ഞു. കോട്ടക്കൽ നഗരസഭയിലെ നാണക്കേട് പരപ്പനങ്ങാടിയിൽ പുകഞ്ഞ തലമാറ്റ ചർച്ചകളിലെ തീപ്പൊരിയണക്കാൻ തൽക്കാലം പാർട്ടിക്ക് സഹായകരമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.