പരപ്പനങ്ങാടി: മാറ്റമെത്ര മനോഹരമായാലും മലയാളിക്ക് എതിർക്കാതിരിക്കാനാവില്ലെന്നതിന്റെ ജീവിത സാക്ഷ്യമാണ് ഏലാപറമ്പത്ത് മുഹമ്മദ്. പരപ്പനങ്ങാടിയിൽ ആദ്യമായി ഓട്ടോറിക്ഷ നിരത്തിലിറക്കി അടിവാങ്ങിച്ച വിപ്ലവകാരി. 1977ലാണ് ആദ്യമായി പരപ്പനങ്ങാടിയിൽ മുഹമ്മദ് ഓട്ടോയിറക്കിയത്.
വർഷം 37 പിന്നിടുമ്പോഴും മുഹമ്മദിന്റെ ഉപജീവന മാർഗത്തിൽ ഒഴിച്ചു നിർത്താനാവാത്ത ഒന്നാണ് ഓട്ടോറിക്ഷ. ‘റഹീം’ എന്നുപേരുള്ള ഓട്ടോയുമായി മുഹമ്മദ് റോഡിറങ്ങിയതോടെ തിരൂരങ്ങാടി ആർ.ടി.ഒക്ക് കീഴിൽ ഒമ്പതുവണ്ടികൾ കൂടി രംഗത്തെത്തി.
മകന്റെ പേരായ ‘റഹീം’ ഓട്ടോക്ക് നൽകിയതോടെ മുഹമ്മദിന് മകന്റെ പേര് തന്നെ നാട് ചാർത്തിക്കൊടുത്തു. നാട്ടുകാരുടെ റഹീംക്കയായി മാറിയ മുഹമ്മദ് പിന്നീട് ആക്രി കച്ചവട രംഗത്തേക്ക് ചുവടുമാറ്റിയതോടെ ഓട്ടോക്ക് പകരം ചരക്ക് റിക്ഷയായി. മൂന്നിയൂർ സ്വദേശിയായിരുന്ന മുഹമ്മദും സഹോദരങ്ങളും മൂന്നു ഓട്ടോകളുമായി പരപ്പനങ്ങാടിയിൽ എത്തിയപ്പോൾ ആദ്യകാലത്ത് വൻ പ്രതിഷേധമായിരുന്നു.
ടാക്സി കാർ ഡ്രൈവർമാരും ട്രക്കർ പാരലൽ സർവിസുകാരും കായികമായി തന്നെ തടയാനെത്തി. എതിർപ്പ് പിന്നീട് കെട്ടടങ്ങുകയും എതിർക്കാൻ മുന്നിട്ടിറങ്ങിയവരുടെ മക്കളും പേരമക്കളും തലമുറകളായി ഈ തൊഴിൽ രംഗത്തേക്ക് കടന്നുവരികയും ചെയ്യുന്നതാണ് കാണാനായതെന്ന് മുഹമ്മദ് പറഞ്ഞു. നാലാം ക്ലാസ് കഴിഞ്ഞ് കുടുംബത്തിന്റെ പട്ടിണി മാറ്റാൻ മദ്രാസിലേക്ക് ഹോട്ടൽ പണിക്കുപോയ മുഹമ്മദ് മദ്രാസിൽ നിന്നാണ് ഡ്രൈവിങ് പഠിച്ച് ലൈസൻസ് സമ്പാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.