പരപ്പനങ്ങാടി: ചേളാരി ചെട്ടിപ്പടി റോഡിൽ റെയിൽവേ ലെവൽ ക്രോസിലെ മേൽപാലം നിർമാണത്തിലെ ചുവപ്പ് നാട അഴിയുന്നില്ല. രണ്ടരവർഷങ്ങൾക്കുമുമ്പ് പി.കെ. അബ്ദുറബ്ബ് എം.എൽ.എയായിരിക്കെ മുഖ്യമന്ത്രി പ്രവൃത്തി ഉദ്ഘാടനം ചെയ്ത പദ്ധതി ഇന്നും അനിശ്ചിതത്വത്തിലാണ്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിർമാണം നീട്ടിക്കൊണ്ടുപോകുകയാണ്.
സർക്കാറിന്റെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണ് ഇക്കാര്യത്തിൽ സംഭവിക്കുന്നതെന്ന് മുസ്ലിം ലീഗ് മുനിസിപ്പൽ സമരസമിതി യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് അലി തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കെ റെയിലിന്റെ പേര് പറഞ്ഞാണ് ഇത്രയും കാലം പദ്ധതി നീട്ടിക്കൊണ്ടുപോയത്. അതിനിടെ കാലതാമസം മൂലം പഴയ നിരക്കിൽ പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാരൻ തയാറായില്ല. കെ.പി.എ. മജീദ് എം.എൽ.എയുടെ ഇടപെടലിന്റെ ഫലമായി റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകാരത്തിനായി കിഫ്ബിയിൽ സമർപ്പിച്ചിരിക്കുകയാണ്.
ഒന്നിലധികം തവണ കെ.പി.എ. മജീദ് എം.എൽ.എ പ്രശ്നം നിയമസഭയിൽ ഉന്നയിച്ചു. എന്നിട്ടും നടപടിയായില്ല. തിരക്കേറിയ ചേളാരി ചെട്ടിപ്പടി റൂട്ടിൽ റെയിൽവേ ഗേറ്റ് അടക്കുമ്പോൾ കിലോമീറ്റർ നീണ്ട വാഹനനിര പതിവാണ്. ദേശീയപാതയുടെ പ്രവൃത്തി ആരംഭിച്ചതോടെ ചമ്രവട്ടം റൂട്ടിൽ ചെട്ടിപ്പടി വഴിയാണ് കണ്ടെയ്നർ ലോറികളടക്കമുള്ള ഹെവി വാഹനങ്ങൾ പോകുന്നത്.
വാഹന വർധനവും വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളുടെ വരവും കാരണം ഗേറ്റ് അടവിന്റെ തവണയും സമയവും കൂടിയതിനാൽ യാത്രാദുരിതവും കൂടി. മെഡിക്കൽ കോളജുൾപ്പെടെയുള്ള ആശുപത്രികളിലേക്ക് പോകുന്ന വാഹനങ്ങളും ദുരിതമനുഭവിക്കുകയാണ്.
അടുത്തദിവസം മുതൽ ലീഗ് പ്രത്യക്ഷ സമരം തുടങ്ങുമെന്ന് മുനിസിപ്പൽ ലീഗ് അധ്യക്ഷൻ അലി തെക്കേപ്പാട്ട് ‘മാധ്യമ’ത്തോട് പറഞ്ഞു.
എം.എൽ.എമാരായ കെ.പി.എ. മജീദ്, അബ്ദുൽ ഹമീദ്, മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, നഗരസഭ ചെയർമാൻ എ. ഉസ്മാൻ, എസ്.ടി.യു ദേശീയ സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ, സി. അബ്ദുറഹിമാൻ കുട്ടി എന്നിവർ നേതൃത്വം നൽകും. സമര സമിതി ആലോചന യോഗത്തിൽ കെ.കെ. മുസ്തഫ തങ്ങൾ, എച്ച്. ഹനീഫ, സി. അബ്ദുറഹ്മാൻ കുട്ടി, പി. അലി അക്ബർ എന്നിവർ സംസാരിച്ചു. കെ.കെ.എസ്. തങ്ങൾ സ്വാഗതവും എൻ.പി. ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.