പരപ്പനങ്ങാടി: നാടുകാണി - പരപ്പനങ്ങാടി പാതയിലെ മാപ്പൂട്ടിൽ റോഡ് ജംഗ്ഷനിൽ നിർദേശിക്കപ്പെട്ട വീതിയില്ലാതെ റോഡ് പണി പൂർത്തിയാക്കാനുള്ള നീക്കം തടഞ്ഞ സമരസമിതി നേതാക്കളെ പൊലീസ് കരുതൽ തടവിലാക്കി. ഇതോടെ മുടങ്ങിയ അഴുക്കാൽ നിർമാണ പ്രവൃത്തി പുനരാംഭിച്ചു.
ഗതാഗത തിരക്കേറിയ കോഴിക്കോട് റൂട്ടിലെ പരപ്പനങ്ങാടി പയനിങ്ങൽ ഭാഗത്തെ മാപൂട്ടിൽ പാടം ജംഗ്ഷനിലാണ് നിശ്ചിത വീതിയില്ലാതെ പണി പുനരാംഭിച്ചത്. സമരത്തിന് നേതൃത്വം നൽകിയ വിവരവകാശ പ്രവർത്തകൻ തോട്ടത്തിൽ അബ്ദുറഹീം, പി.ഡി.പി. നേതാവ് കെ. ഷഫീഖ്, വെൽഫെയർ പാർട്ടി നേതാക്കളായ ഉമ്മർ ഹാജി പട്ടണത്ത്, സി.ആർ പരപ്പനങ്ങാടി, പി.ടി റഹിം, ശമീർ കോണിയത്ത് എന്നിവരെയാണ് പൊലീസ് മണിക്കൂറുകളോളം കരുതൽ തടങ്കിൽ വെച്ചത്.
മൂന്നു വർഷം മുമ്പ് നടന്ന പ്രാഥമിക സർവേയിൽ സമീപത്തെ കെട്ടിടത്തിന്‍റെ ഒരു ഭാഗം കൈയേറ്റ ഭൂമിയിലാണെന്ന് കണ്ടെത്തി പൊളിക്കാൻ മാർക്ക് ചെയ്തിരുന്നു. എന്നാൽ മാർക്ക് ചെയ്തതിനപ്പുറം പൊളിക്കാനുണ്ടെന്നും സ്ഥലം കൈയ്യേറി സമീപത്തെ സ്വകാര്യ കെട്ടിട ഉടമകൾ കൂടുതൽ കൈയ്യേറ്റം ചെയ്തിട്ടുണ്ടെന്നും അവ മുഴുവൻ കണ്ടെത്തണമെന്നും മുൻസിപ്പൽ ഭരണ നേതൃത്വം കൈയ്യേറ്റകാർക്ക് കൂട്ടു നിൽക്കുകയുമാണന്നാരോപിച്ച് സി.പി.എം പ്രവർത്തകർ നിരന്തരേ സമരം നടത്തിയിരുന്നു.
എന്നാൽ പിന്നീട് ജില്ല സർവേ ടീം നടത്തിയ പഠനത്തിൽ കെട്ടിടങ്ങളൊന്നും കൈയ്യേറ്റ ഭൂമിയിലല്ലെന്ന് കണ്ടെത്തുകയായിരുന്നു ഇതേതുടർന്ന് പന്ത്രണ്ട് മീറ്റർ വീതിയിൽ പാതയുടെ പണി പൂർത്തികരിക്കാനാവശ്യമായ ഭൂമി ഏറ്റെടുക്കുമെന്ന് കരാർ കമ്പനിയായ ഊരാലുങ്ങൽ സൊസൈറ്റി ഉറപ്പു തന്നിരുന്നു. എന്നാൽ സർക്കാർ ഫണ്ട് വെട്ടി കുറച്ചതോടെ അക്വസിഷൻ നടപടിയിലേക്ക് കടക്കാനായില്ല. ഇതേതുടർന്ന് അധികൃതർ വിതി കുറഞ്ഞ ഭാഗത്തെ സമീപത്തുള്ള കെട്ടിട ഉടമകളുമായി സംസാരിച്ച് കെട്ടിടങ്ങൾ സംരക്ഷിക്കപ്പെടും വിധം അവശ്യമായ ഭാഗം പൊളിച്ചു നീക്കാൻ സമവായത്തിലെത്തുകയായിരുന്നു.
എന്നാൽ മാമൂട്ടിൽ പാടം ജംഗ്ഷനിലെ കെട്ടിട ഉടമക്ക് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്ത് റോഡ് വീതി കൂട്ടണമെന്നാവശ്യപ്പെട്ട് വിവരവകാശ പ്രവർത്തകൻ അബ്ദുറഹിം തോട്ടത്തിൽ തുടക്കമിട്ട സമരം വെൽഫെയർ പാർട്ടി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് പി.ഡി.പി.യും സമരത്തിൽ പങ്കാളികളായി. സമരത്തെ തുടർന്ന് ശനിയാഴ്ച്ച നിറുത്തി വെച്ച പ്രവൃത്തി ഞായറാഴ്ച വീണ്ടും പുനരംഭിക്കാനിരിക്കെ സമരക്കാർ സ്ഥലത്തെത്തി. ഇതോടെ നേതാക്കളെ പൊലീസ് കരുതൽ അറസ്റ്റു ചെയ്തു. ഇതോടെ നിർത്തിവെച്ച അഴുക്ക് ചാലിന്റെ പണി പുനരാംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.