പരപ്പനങ്ങാടി: പി.എസ് എന്ന രണ്ടക്ഷരം കേട്ടാൽ മത്സ്യത്തൊഴിലാളികളുടെ ചുണ്ടിൽ മാപ്പിളപ്പാട്ടിന്റെ ഈരടികൾ തിരയടിക്കും. പരപ്പനങ്ങാടി തീരത്തെ മത്സ്യത്തൊഴിലാളിയായിരുന്ന പിത്തപെരി സെയ്തലവി എന്ന പി.എസ്. കടലലകളുടെ സംഗീതതാളം നെഞ്ചിലേറ്റി പാട്ടുമായി കരകയറിയിട്ട് ആറു പതിറ്റാണ്ടു പിന്നിട്ടു. ഗ്രാമീണ മാപ്പിള ഗാനാലാപനത്തിന്റെ ജനകീയ കൂട്ടായ്മയുടെ മുൻനിരയിൽ നിലയുറപ്പിച്ച് നൂറുകണക്കിന് വേദികളിൽ പി.എസ് പാട്ടു സംഘം താളമേളങ്ങളൊരുക്കി. ഒപ്പനപ്പാട്ട്, കല്യാണരാവുകളിലെ പാട്ടു സദസ്സുകൾ, ഗ്രാമീണ നാട്ടുകൂട്ടായ്മകളുടെ പാട്ടുകച്ചേരികൾ എന്നിവയിൽ പി.എസിന്റെ സംഘം പാടിത്തിമിർത്തു. മാപ്പിളപ്പാട്ടിന്റെ മുഖ്യധാര ഗായകശൃംഖലയുമായി ഹൃദയബന്ധമുണ്ടായിരുന്ന പി.എസ് പുതിയ തലമുറയുടെ സർഗശേഷി പോഷിപ്പിക്കാനും വേദിയൊരുക്കുന്നതിലും അവസരങ്ങൾ ഒരുക്കിക്കൊടുത്തിട്ടുമുണ്ട്.
മത്സ്യബന്ധനത്തിൽനിന്ന് കരകയറി കച്ചവട മേഖലയിലിറങ്ങിയിട്ട് വർഷങ്ങളായിട്ടും പാട്ടിന്റെ ലോകത്തുനിന്ന് കരകയറാൻ പി.എസ് ഒരുക്കമല്ല. മത്സ്യത്തൊഴിലാളികളായ സംഗീതപ്രേമികളുടെ കൂട്ടായ്മയൊരുക്കി ‘തീരദേശ പട്ടുറുമാൽ’ എന്ന പേരിൽ ജനകീയ സംഗീതനിശയൊരുക്കി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ് അദ്ദേഹം.
തീരദേശ പട്ടുറുമാൽ സീസൺ ഫൈവ് വെളളിയാഴ്ച രാത്രി പരപ്പനങ്ങാടി കടപ്പുറത്ത് നടന്നു. സംസ്ഥാന കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗവും രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ കല സാംസ്കാരിക സമിതി അധ്യക്ഷനുമായ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി നഗരസഭ ചെയർമാൻ ഉസ്മാൻ അമ്മാറമ്പത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ശശിധരൻ മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.