പരപ്പനങ്ങാടി: പാട്ടിന്റെ ഇശലുകളാൽ ഗസ്സാലിയും കുടുംബവും പെരുന്നാളിനെ മഹത്വപെടുത്തുകയാണ്. ജീവിത പ്രതിസന്ധികളെ മൂളിപ്പാട്ടു പാടി അതിജയിക്കുന്ന ഈ മത്സ്യ വ്യാപാരിക്ക് ആഘോഷങ്ങളേതും പാട്ടാണ്. പെരുന്നാളുകൾ ആഘോഷിച്ച് തീർക്കുമ്പോൾ തയ്യിൽ ഗസ്സാലിയും കുടുംബവും വട്ടത്തിലിരുന്ന് മാപ്പിള ഗസലുകൾ ആലപിക്കുക പതിവാണ്.
അഞ്ച് പതിറ്റാണ്ട് മുമ്പ് ഡോ. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ നിലവിൽ വന്ന പാട്ടുകൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു ഗസ്സാലി. ഇന്ന് പ്രായം 63ലെത്തി നിൽക്കുമ്പോഴും നെഞ്ചിൽനിന്ന് കിനിഞ്ഞിറങ്ങുന്ന പാട്ടുകൾക്ക് പതിനേഴിന്റെ ബാല്യം. നാട്ടിലാകട്ടെ വീട്ടിലാകട്ടെ ആഘോഷ വേദികളിൽ ഗസ്സാലിയുടെയും മക്കളുടെയും ഇശൽ മധുരം മാറ്റിനിർത്താനാവാത്ത ചേരുവയാണ്.
തിരൂരങ്ങാടിയിലാണ് ഗസ്സാലി മത്സ്യ വ്യാപാരം നടത്തുന്നത്. ചെമ്മാട് പ്രതിഭ തിയറ്റേഴ്സ് അംഗമാണ്. മക്കൾക്കെല്ലാം മികച്ച വിദ്യഭ്യാസം നൽകാനും ഗസ്സാലി ശ്രദ്ധ പുലർത്തി. മൂത്ത മകൻ തയ്യിൽ ഗദ്ദാഫി മാധ്യമപ്രവർത്തകനും രണ്ടാമത്തെ മകൻ ഗഫ്ഫാർഖാൻ പി.എച്ച്.ഡിക്കാരനും ഇളയ മകൻ ഖലീൽ സംസ്ക്യത അധ്യാപകനും ഏക മകൾ മാരിയ ദൃമാധ്യമ പ്രവർത്തകയും അധ്യാപികയുമാണ്. ജീവിത പങ്കാളിയായ റുഖിയ സാമൂഹിക പ്രവർത്തകയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.