പരപ്പനങ്ങാടിയിലെ സുനിൽ കാടശ്ശേരി തന്റെ വീടിനോട് ചേർന്ന 15 സെൻറ് ഭൂമിയിലെ 14 പശുക്കളെ പരിചരിക്കുന്നു

പതിനഞ്ച് സെന്റ് ഭൂമിയിൽ ക്ഷീര വിപ്ലവം തീർത്ത് സുനിലും കുടുംബവും

മൃഗ ഗന്ധമറിയാത്തവരും ഇന്നലെ ലോക മൃഗക്ഷേമ ദിനമാഘോഷിച്ചു. സുനിലിനും കുടുംബത്തിനും പശുക്ഷേമം എന്നും ജീവനും ജീവിതവുമാണ്. പരസ്പ്പരം ക്ഷേമമറിയുന്ന മനസുമായി പതിനാലു പശുക്കളും ഒരു കുടുംബവും.

പരപ്പനങ്ങാടി :പതിനഞ്ചു സെന്റ് ഭൂമി ൽ പതിനാലു പശുക്കളും പാരസ്പര്യം പങ്കു വെക്കുന്ന ഒരു കുടുംബവും. പരപ്പനങ്ങാടി അഞ്ചപ്പുര റെയിൽവെ ഓവുപാലത്തിനടുത്തെ കാടശ്ശേരി സുനിലിന്റെ വീട് നാട് കണി കണ്ടുണരുന്ന നന്മയാണ്. സുനിലിന്റെ പിതാവ് പരേതനായ കാടശേരി ശങ്കരൻ അര നൂറ്റാണ്ടു മുമ്പ് രണ്ടു നാടൻ പശു കിടാങ്ങളുമായി വീടോരത്ത് തുടക്കമിട്ട ക്ഷീര കർഷക പദ്ധതി തന്റെ ഇരുപത്തിയഞ്ചാം വയസിലാണ് അമ്പത്തിരണ്ടു തികഞ്ഞ സുനിൽ ഏറ്റെടുക്കുന്നത്. പല ഘട്ടങ്ങളിലായി പശു തൊഴുത്തിൽ പലയിനം പശുക്കളുടെ വരവിൽ പദ്ധതി പച്ച പിടിച്ചു. ഇപ്പോൾ ശരാശരി ഇരുപതു ലിറ്റർ പാൽ കറവയുള്ള എച്ച്.എഫ്, ക്രോസ് ഇനത്തിൽപ്പെട്ട ഘടാഘടിയന്മാരായ പതിനാലു പശുക്കളാണ് സുനിലിന്റെ തൊഴുത്തിൽ തല ഉയർത്തി നിൽക്കുന്നത്.

സുനിലും ഭാര്യ ശോഭിതയും, പ്ലസ് ടു വിദ്യാർത്ഥിയായ മകൻ നിഖിലും, അഞ്ചാം ക്ലാസുകാരനായ മകൻ നിവിനും അമ്മ കൗസല്യയും ചേർന്നാണ് ക്ഷീര പദ്ധതിയെ വിശ്രമമറിയാത്ത കഠിനദ്ധ്വാനത്തിലൂടെ വിജയിപ്പിച്ചെടുത്തത്. ഇവർക് പുറമെ തൗത്ത് സദാ വൃത്തിയോടെ നിലനിറുത്താൻ ഈയ്യിടെയായി ഒരു ജോലിക്കാരനെയും തരപെടുത്തിയിട്ടുണ്ട്. വീട്ടുകാർ ദിവസവും രണ്ടു നേരം കുളിക്കുന്നു. എന്നാൽ പശുക്കളെ മൂന്ന് നേരം കുളിപ്പിക്കണമെന്നത് വിട്ടുവീഴ്ച്ചയില്ലാത്ത പതിവ് പരിചരണമാണിവിടെ.

ചൂട് കാലത്തെ അതിജീവിക്കാൻ കുളിയുടെ എണ്ണം വർധിക്കുന്നതോടൊപ്പം ഫാനിന്റെ കാറ്റ് കൊണ്ടു ഉറങ്ങാനും സൗകര്യമുണ്ട്. പരുത്തി പിണ്ണാക്ക്, ഗോതമ്പ് തവിട്, കാൽസ്യം പൗഡർ എന്നിവയാണ് ഭക്ഷണം, നാടിന് ആവശ്യമായ പാലും തൈരും പുലർച്ചെ സുനിലും മക്കളും ആവശ്യക്കാരുടെ വീടുകളിലെത്തിക്കും, ബാക്കി വരുന്ന പാല് സഹകരണ സൊസൈറ്റിക് കൈമാറും. ഇതിനകം നിരവധി പുരസ്കാരങ്ങളും അവാർഡുകളും സുനിലിനെ തേടിയെത്തിയിട്ടുണ്ട്.

ക്ഷീര സംരംഭത്തിന്റെ ലാഭ നഷ്ടങ്ങളെ കുറിച്ച് ആരാഞ്ഞപോൾ സാമ്പത്തിക മാനങ്ങൾക്കപ്പുറം ഇവ നൽകുന്ന മാനസിക അനുഭൂതിയെ കുറിച്ചാണ് സുനിലും കുടുംബവും വാചാലമാകുന്നുത്. അച്ചന്റെ ഇരുചക്ര വാഹനത്തിന്റെ ശബ്ദം കേട്ടാലുടൻ പതിനാലു പശുക്കളും എഴുന്നേറ്റ് നിന്ന് സാമിപ്യം കൊതിക്കുമെന്ന് ഇളയ മകൻ നിവിൻ പറഞ്ഞു.

ആ സ്നേഹ നിർഭരമായ അടുപ്പത്തിന് ഒരു ലാഭനഷ്ടങ്ങളുടെ കണക്കും ബദലാവില്ലന്നും ഒരു ദിവസം പോലും ഇവരെ പിരിഞ് തങ്ങൾക്കിരിക്കാനാവില്ലന്നും സുനിലും കുടുംബവും ഒന്നിച്ച് പറയുന്നു.

ക്രൂരമായ തിന്മകളെ പൊതുവെ മൃഗീയമെന്ന് അതിക്ഷേപിക്കുന്നവർ ഇവയുടെ സ്നേഹത്തിന്റെയും നന്മയുടെയും വില അറിയാത്തവരാണന്നും മൃഗ ക്ഷേമം ഏതെങ്കിലും ഒരു ദിവസത്തിൽ ഒതുങ്ങി പോകേണ്ട ഔപചാരിക ചടങ്ങല്ലെന്നും സുനിൽ കാടശ്ശേരി പറഞ്ഞു.

Tags:    
News Summary - Sunil and his family completed the dairy revolution on fifteen cents of land.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.