പരപ്പനങ്ങാടി: ബോട്ട് ദുരന്തത്തിന് ഒരാണ്ട് പിന്നിടുമ്പോഴും കുന്നുമ്മൽ റുഖിയ ഉമ്മയുടെ കണ്ണീർ തോർന്നിട്ടില്ല. മൂന്നു മരുമക്കളും എട്ടു പേരക്കുട്ടികളും ഉൾപ്പടെ 11 പേർ വിടപറഞ്ഞിട്ട് ഒരാണ്ട് തികയുമ്പോഴും പ്രാർഥനയുടെ കരുത്തിലാണ് ഈ ഉമ്മ പിടിച്ചുനിൽക്കുന്നത്. മൂത്ത മകൻ സെയ്തലവിക്കോയയുടെ ഭാര്യ സീനത്ത്, മക്കളായ അസ്ന, ഷംന, സഫ്ല, ഫിദ ദിൽന എന്നിവരും രണ്ടാമത്തെ മകൻ സിറാജിന്റെ ഭാര്യ റസീന, മക്കളായ സഹറ, റുസ്ത, നഹ്റ ഫാത്തിമ എന്നിവരാണ് മരിച്ചത്.
ഇതേ കുടുംബത്തിലെ ജാബിറിന്റെ ഭാര്യ ജൽസിയ, മകൻ ജരീർ എന്നിവരും മരിച്ചു. ഇവരെല്ലാം പരപ്പനങ്ങാടി അരയൻ കടപ്പുറം ജുമ മസ്ജിദ് ഖബർസ്ഥാനിൽ ഒന്നിച്ചാണ് അന്ത്യവിശ്രമം കൊള്ളുന്നത്. അപകടത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ട റുഖിയ ഉമ്മയുടെ മകൾ നുസ്രത്തിന്റെ രണ്ടു വയസ്സായ കുഞ്ഞ് ആയിശ മോൾക്ക് ഇന്നും സംസാര ശേഷി തിരിച്ചു കിട്ടിയിട്ടില്ല. നടക്കാനുള്ള ശേഷിയുമില്ലാതായി. കുട്ടിയുടെ ചികിത്സ ചെലവ് വഹിക്കാമെന്ന് പല കോണുകളിൽ നിന്നും അന്ന് സഹായ വാഗ്ദാനമുണ്ടായെങ്കിലും മത്സ്യത്തൊഴിലാളി കുടുംബം സ്വന്തം ചെലവിൽ ചികിത്സ തുടരുകയാണ്.
ജാബിറിന്റെ പത്തുവയസ്സുകാരിയായ മകൾ ദർസയും ജീവിക്കുന്ന രക്തസാക്ഷിയാണ്. ശാരിക മാനസിക ഘടനയിൽ സാരമായ വ്യതിയാനം സംഭവിച്ച കുഞ്ഞിനെ വീണ്ടെടുക്കാൻ ചികിത്സ തുടരുകയാണ്. 11 പേർ പടിയിറങ്ങിയ കുടുംബം താമസിച്ചിരുന്ന കുടിലിന്റെ ദൈന്യത നേരിൽ കണ്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി വാഗ്ദാനം ചെയ്ത രണ്ടു വീടുകളിൽ ഒന്നിന്റെ നിർമാണം പൂർണമായും ഒന്നിന്റേത് ഭാഗികമായും പൂർത്തിയായി.
അതേസമയം, ആരുടെയും സഹായം ലഭിക്കാത്ത സീനത്തിന്റെയും റസീനയുടെയും ജൽസിയയുടെയും രക്ഷിതാക്കളുടെ സങ്കടങ്ങളറിയാൻ ആരും എത്താത്തത് ഖേദകരമാണെന്ന് പൊതു പ്രവർത്തകനും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ യാക്കൂബ് കെ. ആലുങ്ങൽ പറഞ്ഞു. ഡ്യൂട്ടിക്കിടെ ബോട്ടു ദുരന്തത്തിൽ മരിച്ച സിവിൽ പൊലീസ് ഓഫിസർ സബറുദ്ദീന്റെ ആശ്രിതയായ ഭാര്യ മുനീറക്കാകട്ടെ, ഒരു വർഷമായിട്ടും സർക്കാർ സർവിസിൽ ജോലി ലഭിച്ചിട്ടില്ല. പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും മറ്റും ഇടപെട്ട് ഔദോഗിക നടപടിക്രമങ്ങൾക്ക് വേഗത പകരണമെന്ന് മുൻസിപ്പൽ ചെയർമാൻ ഉസ്മാൻ അമ്മാറമ്പത്ത് ആവശ്യപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.