പരപ്പനങ്ങാടി: നാടൊന്നാകെ ചേർത്തുപിടിച്ചപ്പോൾ ഊർപായിചിറക്ക് ശാപമോക്ഷമാകുന്നു. നഗരസഭയും എൻ.എസ്.എസ് വളന്റിയർമാരും ചേർന്നുള്ള മാസ് ശുചീകരണത്തിന് തുടക്കമായി. ഒരേക്കറയോളം വരുന്ന ചിറ മലിനമായി കിടന്നിട്ട് നാളെറെയായി.
ചിറയെ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യമുന്നയിച്ച് ‘മാധ്യമം’ വാർത്തകൾ നൽകിയിരുന്നു. ചിറയിൽ ചില സ്വകാര്യ വ്യക്തികൾക്ക് അധികാര പങ്കാളിത്തമുണ്ടെന്ന സംശയത്തിന്മേൽ അധികാരികളുടെ ഇടപെടൽ വിജയിക്കാതെ പോവുകയായിരുന്നു. റിയൽ എസ്റ്റേറ്റ് ലോബി ഭരണ സ്വാധീനം ഉപയോഗപെടുത്തി ചിറയെ നികത്താനും ശ്രമമുണ്ടായി. സി.കെ. ബാലൻ, ചെങ്ങാട് അബ്ദുൽ റഷീദ് എന്നിവരുടെ നേതൃത്വത്തിൽ ചിറ പ്രതിരോധ സമിതിയാണ് ഇതിനെതിരെ പ്രതിരോധിച്ച് നിന്നത്.
സുധീഷിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ഡി.വൈ.എഫ്.ഐ നേതൃത്വവും അബ്ദുൽറഹീം, ശകീർ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സോളിഡാരിറ്റിയും പ്രത്യക്ഷ സമരവുമായും രംഗത്തിറങ്ങിയിരുന്നു.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് എൻ.എസ്.എസ് വളന്റിയർമാർ രംഗത്തെത്തിയതോടെ നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ പി.പി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ നിലവിൽ ദൗത്യമേറ്റെടുക്കുകയായിരുന്നു.
നഗരസഭ ചെയർമാൻ എ. ഉസ്മാൻ ശുചീകരണം ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് സംഘടിത സേവന ദൗത്യം നിയന്ത്രിച്ചു.
നഗരസഭ ഉപാധ്യക്ഷ ഷഹർബാൻ പരപ്പനങ്ങാടി, സ്ഥിരംസമിതി അധ്യക്ഷരായ സീനത്ത് ആലിബാബു, പി.വി. മുസ്തഫ സംബന്ധിച്ചു. ചിറയുടെ കയ്യേറ്റം കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് സമരസമിതി അധ്യക്ഷൻ അബ്ദുറഷീദ് ചെങ്ങാട്ടും മുൻ കൗൺസിലർ ദേവൻ ആലുങ്ങലും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.