പരപ്പനങ്ങാടി: വയോമിത്രം പദ്ധതിയുടെ കീഴിൽ നഗരസഭകളുടെ മേൽനോട്ടത്തിൽ നിശ്ചിത വാർഡുതലങ്ങൾ കേന്ദ്രീകരിച്ച് 60 വയസിന് മുകളിലുള്ളവർക്ക് നൽകി വരുന്ന സൗജന്യ മരുന്നു വിതരണം താളം തെറ്റുന്നു. മരുന്ന് വിതരണം നിലച്ചത് പ്രമേഹ രോഗികളെ കടുത്ത പ്രയാസത്തിലാക്കി. രണ്ട് മാസത്തിലേറെയായി ഇൻസുലിൻ ലഭിക്കുന്നില്ലെന്ന് മുതിർന്ന പൗരന്മാർ പരാതിപ്പെട്ടു. ഇതേതുടർന്ന് രോഗികൾ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
സാമ്പത്തിക മാനദണ്ഡങ്ങളൊന്നും നോക്കാതെ 60 വയസായ എല്ലാവർക്കും വയോമിത്രത്തിന് കീഴിൽ സൗജന്യ ചികിത്സയും മരുന്നും നൽകിവരുന്നുണ്ട്. പുറമെ നിന്നുള്ള ഡോക്ടർമാർ എഴുതുന്ന കുറിപ്പിലെ മരുന്നും വയോമിത്രത്തിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായി നൽകുന്നുണ്ട്. ഇൻസുലിൻ വിതരണം നിർത്തിവെച്ചത് സ്വകാര്യ ലോബിയെ സഹായിക്കാനാണെന്ന് ആക്ഷേപമുയർന്നു.
അടിയന്തിരമായി ഇൻസുലിൻ വിതരണം പുനനാരംഭിക്കണമെന്ന് മുനിസിപ്പൽ കൗൺസിലർ ഫാത്തിമ റഹീം ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാന സർക്കാർ ഏജൻസിയായ കെ.എം.സി.എൽ നിന്നാണ് ഇൻസുലിൻ എത്തിക്കുന്നതെന്നും തടസ്സം നീക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും മുൻസിപ്പൽ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.