പെരിന്തൽമണ്ണ: ഓൺലൈൻ പഠനം ആരംഭിച്ചിട്ടും കോവിഡ് ഡ്യൂട്ടിക്കായി സ്കൂളുകളിൽനിന്ന് അധ്യാപകരെ നിയമിക്കുന്നതുമൂലം കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ താളം തെറ്റുന്നതായി പരാതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ബ്ലോക്കുകൾ, ഇവക്ക് കീഴിലെ ഡി.സി.സികൾ, കോവിഡ് വാർ റൂം, വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കാണ് അധ്യാപകരെ ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയമിച്ച സെക്ടറൽ മജിസ്ട്രേറ്റുമാരും അവരുടെ ടീമംഗങ്ങളും ഭൂരിപക്ഷവും അധ്യാപകരാണ്. പല സ്കൂളുകളിലും വിക്ടേഴ്സ് ക്ലാസിന് പുറമെ ഗൂഗ്ൾ മീറ്റ്, സൂം തുടങ്ങി സ്വന്തം പ്ലാറ്റ്ഫോമുകൾ വഴി അധ്യാപകർ ക്ലാസെടുക്കുന്നത് തടസ്സപ്പെടുന്ന സ്ഥിതിയുണ്ട്.
പല വകുപ്പുകളിൽ നിന്നും സ്കൂൾ മേലധികാരിയെ അറിയിക്കാതെ ഫോൺ വഴി അധ്യാപകരോട് ഹാജരാകാൻ നിർദേശിക്കുന്നുണ്ട്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയുമുണ്ട്. ഡി.ഡി.ഇ ഓഫിസിൽ നിന്ന് കലക്ടറേറ്റ് വഴി ലഭിക്കുന്ന പട്ടികയിൽ നിന്നാണ് ഓരോ വകുപ്പും അവർക്ക് കീഴിൽ അധ്യാപകരെ നിയമിക്കുന്നത്.
ഏകോപനമില്ലായ്മ കാരണം അധ്യാപകരെ ഒരേ കാലയളവിൽ പല സ്ഥലങ്ങളിലായി നിയോഗിക്കുന്ന സ്ഥിതിയുണ്ട്. ചില വിദ്യാലയങ്ങളിൽ നിന്നും കൂടുതലായി അധ്യാപകരെ ഡ്യൂട്ടിക്ക് നിയമിക്കുമ്പോൾ ഇതുവരെ ഒരൊറ്റ കോവിഡ് ഡ്യൂട്ടി പോലും ലഭിക്കാത്ത അധ്യാപകരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.