പെരിന്തൽമണ്ണ: ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ‘പാമ്പുണ്ട് സൂക്ഷിക്കുക’ എന്ന മുന്നറിയിപ്പ് നൽകേണ്ട ഗതികേടിലാണിപ്പോൾ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽനിന്ന് ഒടുവിൽ കേൾക്കുന്ന വാർത്തകൾ. വൻകിട സ്വകാര്യ ആശുപത്രികളുള്ള പെരിന്തൽമണ്ണയിൽ സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണ് ഗവ. ജില്ല ആശുപത്രി. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ പലപ്പോഴായി ഇവിടെ അടച്ചിട്ട ശസ്ത്രക്രിയ മുറിയിൽ നിന്നും സമീപത്തെ സർജിക്കൽ വാർഡിൽ നിന്നുമായി ഇരുപതിലേറെ മൂർഖൻ പാമ്പുകളെ കിട്ടിയതായിരുന്നു ആശുപത്രി സംബന്ധിച്ച് ദിവസങ്ങളോളമുള്ള വാർത്ത.
സംഭവമറിഞ്ഞ് രണ്ടാംദിവസം സ്ഥലം എം.എൽ.എയും ജില്ല മെഡിക്കൽ ഓഫിസറും സമീപത്തെ തദ്ദേശ സ്ഥാപന അധ്യക്ഷരുമടക്കം ആശുപത്രിയിലെത്തി. പാമ്പിനെ കണ്ടതും പിടികൂടിയതുമല്ല, ആശുപത്രിയുടെ സ്ഥിതിയാണ് പലരെയും അമ്പരപ്പിച്ചത്. ജില്ല ആശുപത്രി ബോർഡിൽ മാത്രമാണെന്ന് ആരോഗ്യ മന്ത്രി നിയമസഭയിൽ സ്ഥലം എം.എൽ.എക്ക് മറുപടി നൽകിയത് ഈ കേന്ദ്രത്തെക്കുറിച്ചാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, അനുബന്ധമായി എമർജൻസി ഓപറേഷൻ തിയറ്റർ സൗകര്യം, പ്രധാനപ്പെട്ട പത്തോളം സ്പെഷാലിറ്റികളിൽ ആവശ്യത്തിന് ഡോക്ടർമാരും നിശ്ചിത ദിവസങ്ങളിൽ ശസ്ത്രക്രിയകളും അടക്കം ഭേദപ്പെട്ട രീതിയിലാണ് ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശമനുസരിച്ച് ജില്ല ആശുപത്രികൾ പ്രവർത്തിക്കേണ്ടത്.
പെരിന്തൽമണ്ണയിൽ സൂപ്രണ്ട് അടക്കം 31 ഡോക്ടർമാരും 26 നഴ്സുമാരും എട്ട് നഴ്സിങ് സൂപ്രണ്ടുമാരും മറ്റു പാരാമെഡിക്കൽ വിഭാഗങ്ങളുമാണിവിടെ. എന്നിട്ടും പരാതികളൊഴിഞ്ഞ നേരമില്ല. എട്ടുമാസത്തിലേറെയായി ആശുപത്രിക്ക് സൂപ്രണ്ടില്ല. സാധാരണഗതിയിൽ പനി സീസണിൽ ഒ.പിയിൽ കാലെടുത്തു കുത്താനാവാത്ത വിധം തിരക്കാണുണ്ടാവാറുള്ളത്. എന്നാൽ, 12.30ഓടെ ഒ.പി കാലിയായി. സ്പെഷാലിറ്റി ഒ.പികളിലടക്കം ശനിയാഴ്ച വന്നത് 1178 പേർ. ഇതിൽ 34 പേർ പഴയ ഒ.പി ടിക്കറ്റിൽ. ആശുപത്രിയിലെത്തിയാലും നേരാംവണ്ണം ചികിത്സ ലഭിക്കില്ലെന്ന തോന്നലുണ്ട് പലർക്കും.
നിസ്സാര കാര്യങ്ങൾക്ക് റഫർ ചെയ്യുന്നു എന്നാണ് പരാതി. 177 കിടക്കളാണ് രേഖയിൽ ആശുപത്രിയിൽ. ചില ഘട്ടങ്ങളിൽ 240 പേരെ വരെ കിടത്തി ചികിത്സിച്ചിട്ടുണ്ട്. എന്നാൽ, കോവിഡിന് ശേഷം ഇവിടെ മുഴുവൻ കിടക്കകളിലും രോഗികളെത്തിയിട്ടില്ല. മറ്റു ജില്ല, താലൂക്ക് ആശുപത്രികളിൽ വരാന്തകളിൽ പായവിരിച്ചുവരെയാണ് രോഗികളെ കിടത്തുന്നത്. പോരായ്മകളും അപാകതകളും കൃത്യമായി ബോധ്യമുണ്ടെങ്കിലും പരിഹരിക്കണമെന്ന് ജില്ല പഞ്ചായത്തിനും താൽപര്യമില്ല. ഒരു വർഷം മുമ്പ് രോഗിയിൽനിന്ന് കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലൻസ് കൈയോടെ പിടികൂടിതിന് ശേഷം ഡോക്ടർമാർ മാസങ്ങളോളം നിസ്സഹകരണം തുടർന്നിരുന്നു. ഇപ്പോൾ എല്ലാവരും ഒത്തൊരുമിച്ചാൽ മികച്ച ആതുരാലയമാക്കാമെന്നാണ് ഇവിടത്തെ ഡോക്ടർമാർ പറയുന്നത്. അതിന് മികച്ച ഉദാഹരണമാണ് ഓർത്തോ വിഭാഗം ഡോക്ടർമാരായ സി. അനൂപും കെ.എസ്. സുനിലും ചേർന്ന് ഒരുമാസം മുമ്പ് നടത്തിയ സ്വകാര്യ ആശുപത്രികളിൽ ഒന്നര ലക്ഷം വരെ ചെലവു വരുന്ന കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ.
കഴിവും പ്രാപ്തിയുമുള്ളവരാണ് നിലവിൽ ഇവിടെയുള്ള സ്പെഷാലിറ്റി ഡോക്ടർമാർ. അനുബന്ധ ജീവനക്കാരെയും സൗകര്യവും ഉറപ്പാക്കുകയാണ് ആരോഗ്യ വകുപ്പ് ചെയ്യേണ്ടത്. അധികമൊന്നും വേണ്ട, സംസ്ഥാനത്തെ മറ്റു ജില്ല ആശുപത്രികളിലുള്ളതു പോലെ. അതോടൊപ്പം ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന കാര്യങ്ങളിൽ രാഷ്ട്രീയ താൽപര്യത്തോടെ ഇടപെടാതിരിക്കണം. ഓരോ വർഷവും ചെലവിട്ട പണത്തിന്റെ കണക്ക് കാണിക്കുകയാണ് ജില്ല പഞ്ചായത്ത് ചെയ്യാറുള്ളത്.
അതിലുപരി സേവനം മെച്ചപ്പെടുത്താൻ ഇടപെടാറില്ല. ഇവക്കെല്ലാം നേതൃത്വം നൽകേണ്ടത് സ്ഥലം എം.എൽ.എയാണ്. മാതൃകപരമായ സേവനവും നല്ല വർത്തമാനങ്ങളുമാണ് ഏത് സർക്കാർ സേവന കേന്ദ്രത്തിൽ നിന്നും പൊതുജനം പ്രതീക്ഷിക്കാറ്. അങ്ങനെ നടക്കുന്നില്ലെങ്കിൽ അത് കൈകാര്യം ചെയ്യുന്നവരും സർക്കാറും തന്നെയാണ് ഉത്തരവാദികളെന്നാണ് പൊതുജനം ചൂണ്ടിക്കാട്ടുന്നത്.
ആശുപത്രി സംബന്ധിച്ച് നിരവധി പരാതികൾ കൈപ്പറ്റിയ ശേഷം ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ 2022 ഡിസംബർ 26ന് ആശുപത്രിയിലെത്തി ഉത്തരവാദപ്പെട്ടവരെ ഇരുത്തി കുറെ നിർദേശങ്ങൾ അവതരിപ്പിച്ചിരുന്നു. റഫർ ചെയ്യുന്നവരുടെ എണ്ണം ഓരോ മാസവും കുറച്ചുകൊണ്ടുവരണമെന്നും അതിന് ആഴ്ചയിൽ രണ്ടു മണിക്കൂർ പ്രവർത്തനം മെച്ചപ്പെടുത്തുകയെന്ന വിഷയത്തിൽ അവലോകം നടത്തണമെന്നും പോരായ്മകൾ ഓരോന്നായി പരിഹരിക്കണമെന്നുമായിരുന്നു ആ നിർദേശങ്ങൾ. ഇത് നടപ്പാക്കിയതുമില്ല, കലക്ടർ പിന്നീടതിനെക്കുറിച്ച് അന്വേഷിച്ചതുമില്ല.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.