പെരിന്തൽമണ്ണ: ഇന്ധനം കയറ്റിയ ടാങ്കർ ലോറി മറിഞ്ഞ് 20,000 ലിറ്റർ ഡീസൽ ചോർന്ന് സമീപത്തെ കിണർ മണിക്കൂറുകളോളം കത്തിയതിന്റെ സമീപത്തെ കിണറുകളിൽ 12 ദിവസമായിട്ടും ജലപരിശോധന നടന്നില്ല. കുടിവെള്ളത്തിൽ ഡീസൽ വൻതോതിൽ കലരാനിടയുണ്ടെന്നും ബദൽ സൗകര്യം കാണണമെന്നും ഭൂഗർഭ ജലവകുപ്പ് പ്രതിനിധികൾ സന്ദർശിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.
ഇതല്ലാതെ ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാനിടയുള്ള വിഷയത്തിൽ ആരോഗ്യവകുപ്പോ ജില്ല ഭരണകൂടമോ ഗൗരവപൂർവം ഇടപെട്ടിട്ടില്ല. ടാങ്കർ അപകടം നടന്നതിന് 400 മീറ്റർ സമീപം 30ൽപരം അന്തേവാസികൾ താമസിക്കുന്ന കോൺവെൻറിലേക്ക് വെള്ളമെടുക്കുന്ന കിണറാണ് ആഗസ്റ്റ് 22ന് മണിക്കൂറുകളോളം കത്തിയത്.
സമീപത്തെ കിണറുകളിലും വൻതോതിൽ ഡീസൽ സാന്നിധ്യം കണ്ട് കിണറ്റിൽനിന്ന് മോട്ടോർ ഉപയോഗിച്ച് ടാങ്കറിൽ നിറച്ച് കൊണ്ടുപോയി. 12 ദിവസം കഴിഞ്ഞ് വെള്ളിയാഴ്ചയാണ് ഒരുകിണറ്റിൽ ഡീസൽ സാന്നിധ്യം അറിയുന്നത്. ശാസ്ത്രീയ പരിശോധന നടത്തിയാൽ മാത്രമേ എത്ര കിണറ്റിൽ ഈ സ്ഥിതി ഉണ്ടെന്നും വെള്ളം ഉപയോഗിക്കാനാവുമോ എന്നും ഉറപ്പിക്കാനാവൂ. 10 കിണറുകളിലാണ് പലയളവിൽ ഡീസൽ സാന്നിധ്യം. കിണറുകൾ ഉപയോഗിക്കാനാവാതായതോടെ വീട്ടുകാർ സ്വന്തം നിലയിൽ ബദൽ വഴി സ്വീകരിച്ചു. ജലവിതരണമല്ല,
ഉള്ള ജലത്തിന്റെ പരിശോധനയാണ് നടത്തേണ്ടതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. ഇതിന് കിണർ വെള്ളം ഇടക്കിടക്ക് പരിശോധിക്കണം.തീയാളി കിണർ ഉപയോഗിക്കാനാവാതായതോടെ കോൺവെൻറിലേക്ക് വേറെ കിണറ്റിൽനിന്ന് വെള്ളമെടുക്കുന്നുണ്ട്. വെള്ളം എത്തിക്കേണ്ട സ്ഥിതി ഇപ്പോഴില്ല. സമീപത്തെ ചില കിണറുകളിലെ വെള്ളത്തിന് പ്രത്യക്ഷത്തിൽ മാറ്റമില്ല.എന്നാലും ഇത് പരിശോധിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.