പെരിന്തൽമണ്ണ: ആലിപ്പറമ്പ് പാറക്കണ്ണിയിൽ ഷോക്കേറ്റ് മരിച്ച പിതാവിനും മകനും നാട് കണ്ണീരിൽ കുതിർന്ന യാത്രമൊഴിയേകി. തോരാതെ മഴ പെയ്ത പകലിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയവർ ഇരുവർക്കും വിതുമ്പലോടെ അന്ത്യോപചാരമർപ്പിച്ചു. ആലിപ്പറമ്പ് പാറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ് (52), മകൻ മുഹമ്മദ് അമീൻ (17) എന്നിവരാണ് കൃഷിയിടത്തിലെ വൈദ്യുതിവേലിയിൽനിന്ന് ഷോക്കേറ്റ് ഞായറാഴ്ച മരിച്ചത്. പോസ്റ്റ്മോർട്ട ശേഷം തിങ്കളാഴ്ച ഉച്ചക്ക് 1.30ന് മൃതദേഹം ആലിപ്പറമ്പ് പാറക്കണ്ണിയിൽ വീട്ടിലെത്തുമ്പോൾ വീടും പരിസരവും നാട്ടുകാരെ കൊണ്ട് നിറഞ്ഞിരുന്നു. ഉച്ചക്കുശേഷം മൂന്നിനാണ് പാറക്കണ്ണി കളപ്പാട്ടുകുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയത്. നജീബ് കാന്തപുരം എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സൽ, താഴെക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തുപ്പു പുലാക്കൽ, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ. നാസർ തുടങ്ങിയവർ വീട്ടിലെത്തി.
മികച്ച കർഷകനായ മുഹമ്മദ് അഷ്റഫ് കളപ്പാട്ടുകുഴി പള്ളി കമ്മിറ്റി മുൻ ട്രഷററായും ജോ. സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പാടശേഖര സമിതി പ്രസിഡന്റും കേരഗ്രാം പദ്ധതിയുടെ പാറക്കണ്ണി വാർഡ് കൺവീനറുമായിരുന്നു. കഴിഞ്ഞവർഷം ആലിപ്പറമ്പ് കൃഷിഭവന്റെ മികച്ച നെൽകർഷകനുള്ള പുരസ്കാരം മുഹമ്മദ് അഷ്റഫിനാണ് ലഭിച്ചത്. കാട്ടുപന്നികളുടെ ശല്യമുള്ള പ്രദേശമാണിത്. വൈദ്യുതി വേലി തീർക്കലാണ് പരിഹാരം. വൈദ്യുതി വിച്ഛേദിച്ചെന്ന ധാരണയിലാവും അഷ്റഫ് കൃഷിയിടത്തിൽ എത്തിയതെന്നാണ് കരുതുന്നത്.
ഇവരുടെ വീടിന് നാല് കിലോമീറ്ററകലെ ഇരുമ്പുതോട്ടിയുപയോഗിച്ച് ചക്കയിടുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി ആലിപ്പറമ്പ് ഒടമലയിൽ പടിഞ്ഞാറേ കുളമ്പ് വട്ടപ്പറമ്പിൽ ഉണ്ണീൻകുട്ടിയുടെ മകൻ കുഞ്ഞിമുഹമ്മദ് എന്ന മാനു (42) മരിച്ചതും നാടിന് നടുക്കമായി. ഇദ്ദേഹത്തിന്റെ മൃതദേഹം ഒടമല ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഞായറാഴ്ച ഖബറടക്കിയിരുന്നു.
ആലിപ്പറമ്പ്: ഉപ്പയും മകനും ഷോക്കേറ്റ് മരിച്ച ആലിപ്പറമ്പ് പാറക്കണ്ണിയിലെ കൃഷിയിടത്തിൽ പൊലീസ് സയന്റിഫിക് വിഭാഗം പരിശോധന നടത്തി. വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യതയും കാരണങ്ങളും സംഘം പരിശോധിച്ചു. തിരൂർ യൂനിറ്റിലെ ഓഫിസർ ഇസ്ഹാഖിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കിളക്കാനുപയോഗിച്ചിരുന്ന ഇരുമ്പ് കൈക്കോട്ടും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.