പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് ഓട്ടോറിക്ഷക്ക് അമിത നിരക്ക് ഈടാക്കുന്നതായി പരാതി. അങ്ങാടിപ്പുറത്തെ ഓട്ടോ ജീവനക്കാരനെതിരെ നിലമ്പൂർ സ്വദേശി മങ്ങാട്ടുതൊടി സുരേഷ് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി.
മൂന്നര കി.മീറ്റർ സർവിസിന് നിർണയിക്കപ്പെട്ട ചാർജ് 86 രൂപയാണെന്നും 90 രൂപ വരെ യാത്രക്കാർ നൽകാറുണ്ടെന്നും ഈ സ്ഥാനത്ത് 120 രൂപ ചോദിച്ചുവാങ്ങുകയാണെന്നും കാണിച്ചാണ് പരാതി നൽകിയത്. ഓട്ടോ ഡ്രൈവർക്ക് പൊലീസ് പിഴ ചുമത്തി.
റെയിൽവേ സ്റ്റേഷനിൽനിന്നുള്ള ഓട്ടോ സർവിസിന് അമിത ചാർജ് ഈടാക്കുന്നതായി കാണിച്ച് ഗതാഗത വകുപ്പിനും മന്ത്രിക്കും പരാതി നൽകി. ഇ.എസ്.ഐ ആനുകൂല്യമുള്ള കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളും ബന്ധുക്കളായ വയോധികരും പെരിന്തൽമണ്ണ ടൗണിലെ സ്വകാര്യ ആശുപത്രികളിൽ എത്തുമ്പോഴാണ് പലപ്പോഴും ഇത്തരത്തിൽ നിരക്ക് ഈടാക്കുന്നത്. അതേസമയം പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്നും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് 75 രൂപയാണ് പെരിന്തൽമണ്ണയിലെ ഓട്ടോക്കാരൻ വാങ്ങിയതെന്നും സുരേഷ് പറഞ്ഞു.
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തി വാഹനം പാർക്കിങ്ങിന് നൽകുമ്പോൾ 12 രൂപ വാങ്ങേണ്ട സ്ഥാനത്ത് 30 രൂപ വാങ്ങുന്നത് സംബന്ധിച്ച് വ്യാപക പരാതിയുണ്ട്. ഇതുവരെ റെയിൽവേ അധികൃതർ ഫലപ്രദമായി ഇടപെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.