പെരിന്തൽമണ്ണ: നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ് പ്രസ് തിരുവനന്തപുരം സെൻട്രലിലേക്ക് നീട്ടാൻ തടസ്സം ടെർമിനലുകളുടെ അപര്യാപ്തയെന്ന് റെയിൽവേ. തിരുവനന്തപുരം ആർ.സി.സി, ശ്രീചിത്ര ആശുപത്രികളിൽ പോവുന്നവർ യാത്രാക്ലേശമനുഭവിക്കുകയാണെന്നും ട്രെയിൻ തിരുവനന്തപുരം വരെ നീട്ടണമെന്നും എ.പി. അനിൽകുമാർ എം.എൽ.എ നിയമസഭയിൽ സബ്മിഷനിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് മറുപടിയായി റെയിൽവേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാനാണ് ടെർമിനലുകളുടെ കുറവ് തടസ്സമാണെന്ന് റെയിൽവേയെ അറിയിച്ചതായി പറഞ്ഞത്. ട്രെയിൻ നീട്ടണമെന്ന് സംസ്ഥാന സർക്കാർ റെയിൽവേയോടും കേന്ദ്രസർക്കാറിനോടും ആവശ്യപ്പെട്ടിരുന്നു. സതേൺ റെയിൽവേ ജനറൽ മാനേജർ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിലും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കോവിഡ് കാലത്ത് നിലമ്പൂർ-ഷൊർണൂർ പാതയിലെ ട്രെയിനുകൾ സ്പെഷൽ എക്സ്പ്രസുകളാക്കിയതോടെ ഏർപ്പെടുത്തിയ നിരക്ക് വർധന ഒഴിവാക്കണമെന്നും ട്രെയിനുകളുടെ സമയമാറ്റം പരിഹരിക്കണമെന്നും എ.പി. അനിൽകുമാർ ആവശ്യപ്പെട്ടു. തുവ്വൂർ സ്റ്റേഷൻ ക്രോസിങ് സ്റ്റേഷനാക്കണം തുവ്വൂരിലും വാണിയമ്പലത്തും പ്ലാറ്റ് ഫോം നീളം കൂട്ടി ഷെൽട്ടറുകൾ സ്ഥാപിക്കണം, നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് പുലർച്ച 5.30നുള്ള പാസഞ്ചർ വൈകീട്ട് എറണാകുളത്തേക്കും തിരിച്ചും സർവിസ് നടത്തണം തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു. ഇക്കാര്യങ്ങൾ റെയിൽവേയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് മന്ത്രി മറുപടി നൽകി.
പെരിന്തൽമണ്ണ: വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ് അനുവദിക്കാൻ തൽക്കാലം നിർവാഹമില്ലെന്ന് റെയിൽവേ. മികച്ച വേഗതയും റൺടൈമും ഉറപ്പാക്കിയാണ് സർവിസ്. നിലവിൽ ഏഴ് സ്റ്റോപ്പുകളാണുള്ളത്. അധിക സ്റ്റോപ്പുകൾ അനുവദിക്കുന്നത് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുമെന്നും റെയിൽവേ അറിയിച്ചതായി മന്ത്രി വി. അബ്ദുറഹ്മാൻ എ.പി. അനിൽകുമാറിന് മറുപടി നൽകി. സ്റ്റോപ്പനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.