പെരിന്തൽമണ്ണ: 24 മണിക്കൂർ നീളുന്ന ഡോക്ടർമാർമാരുടെ പണിമുടക്കിൽ അത്യാഹിത വിഭാഗങ്ങളും ഐ.സി.യു അടക്കമുള്ള കേന്ദ്രങ്ങളും ഒഴികെയുള്ള സേവനങ്ങൾ സ്തംഭിച്ചു. സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ ഏറെയുള്ള പെരിന്തൽമണ്ണയിൽ ആശുപത്രികൾ മുൻകരുതലുകൾ കൈക്കൊണ്ടിരുന്നു. അത്യാഹിത വിഭാഗം പരമാവധി സുസജ്ജമാക്കി. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഡോക്ടർമാരും ഒ.പി ബഹിഷ്കരിച്ചു. അത്യാഹിത വിഭാഗം പ്രവർത്തിച്ചു. രാവിലെ ഡോക്ടർമാർ റൗണ്ട്സ് എടുത്തു. വാർഡ് എം.ഒ ഡ്യൂട്ടിയും ഉണ്ടായിരുന്നു.
പ്രസവവാർഡിൽ ഓൺകോൾ ഗൈനക്കോളജിസ്റ്റിന്റെ സേവനവും നൽകി. സമരത്തിൽ പങ്കെടുത്തുകൊണ്ടുതന്നെയാണ് ഡോക്ടർമാർ സേവനങ്ങൾ നൽകിയത്. കിംസ് അൽഷിഫ ആശുപത്രിയിൽ ഡോക്ടർമാർ വിവിധ വിഭാഗങ്ങളിലെ അത്യാഹിത സേവങ്ങൾ നൽകിയാണ് സമരത്തിൽ പ്രവേശിച്ചത്. ഇവിടെ അത്യാഹിത വിഭാഗം പ്രവർത്തിച്ചുവെന്നും ഒ.പികൾ നടന്നില്ലെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ അറിയിച്ചു. ഇ.എം.എസ് സഹകരണ ആശുപത്രിയിൽ ഡോക്ടർമാർ സമരത്തിന്റെ ഭാഗമായി തന്നെ അത്യാഹിത വിഭാഗങ്ങളും ഐ.സി.യുവിലെ ചികിത്സയും മുടങ്ങാതെ നൽകിയെന്ന് ജനറൽ മാനേജർ അബ്ദുൽ നാസിർ, ചീഫ് അഫ്മിനിസ്ട്രേറ്റിവ് ഓഫിസർ ജിമ്മി കാറ്റാടി എന്നിവർ അറിയിച്ചു. ഒ.പികൾ ഇവിടെയും നടന്നില്ല.
ഒ.പിയും ഡോക്ടർമാരുടെ വാർഡ് സന്ദർശനങ്ങളുമടക്കം സമരത്തിന്റെ ഭാഗമായി മുടങ്ങിയെങ്കിലും എമർജൻസി വിഭാഗത്തിൽ പരമാവധി സേവനം ഉറപ്പുവരുത്തിയെന്ന് മൗലാന ആശുപത്രി സീനിയർ ഓപറേറ്റിങ് മാനേജർ രാംദാസ് അറിയിച്ചു.
എം.ഇ.എസ് മെഡിക്കൽ കോളജിലും അത്യാഹിത സേവനം മുടക്കമില്ലാതെ നൽകിയെന്ന് ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഹമീദ് ഫസൽ അറിയിച്ചു. ഒ.പി നടന്നില്ല. അതേസമയം ഐ.സി.യു അടക്കം അനിവാര്യമായ സേവനങ്ങൾ മുഴുവൻ നൽകി.
പെരിന്തൽമണ്ണ: കൊൽക്കത്തയിലെ യുവഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പ്രതിഷേധ പ്രകടനം നടത്തി. പെരിന്തൽമണ്ണനടന്ന പ്രകടനം ജില്ല ആശുപത്രി അങ്കണത്തിൽ ഐ.എം.എ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. വി.യു. സീതി ഉദ്ഘാടനം ചെയ്തു. ഡോ. സാമുവൽ കോശി, ദേശീയ ജോയന്റ് സെക്രട്ടറി ഡോ. കെ.വി. ജയകൃഷ്ണൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഹോസ്റ്റ് ചെയ്തു.
ഡോ. ഷാജി ഗഫൂർ, ഡോ. നിഷ മോഹൻ, ഡോ. ജലാൽ എന്നിവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന്റെ സമാപനം കോടതിപ്പടിയിൽ ഡോ. കെ.എ. സീതി ഉദ്ഘാടനം ചെയ്തു. ഡോ. എസ്. രാമദാസ്, ഡോ. കൊച്ചു എസ്. മണി, ഡോ. അബൂബക്കർ തയ്യിൽ, ഡോ. കെ.പി. ഷറഫുദ്ദീൻ, ഡോ. ജലാൽ, ഡോ. ഐശ്വര്യ. ഡോ. നിലാർ മുഹമ്മദ്, ഡോ. കെ.ബി. ജലീൽ, ഡോ. കൃഷ്ണദാസ് എളേടത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.