പെരിന്തൽമണ്ണ : കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിന് പരിസരത്ത് രൂപപ്പെട്ട വലിയ കുഴികളടക്കാൻ മരാമത്ത് വിഭാഗം തെരഞ്ഞെടുത്തത് ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന ദിവസം. തിങ്കളാഴ്ച പകൽ മുഴുവൻ നീണ്ട ഗതാഗതക്കുരുക്കായി. സ്വകാര്യ ബസുകൾക്ക് മിക്കവക്കും സർവിസ് നഷ്ടവും സംഭവിച്ചു. പെരിന്തൽമണ്ണയിലെ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് എത്തേണ്ട ആംബുലൻസുകളും സ്വകാര്യ വാഹനങ്ങളിലെത്തേണ്ട രോഗികളും വലഞ്ഞു. പ്രതിഷേധവും എതിർപ്പും കൂടിയപ്പോൾ ഒരു ഘട്ടത്തിൽ അൽപ നേരം പണി നിർത്തി വെക്കേണ്ടിയും വന്നു.
ഉച്ചവരെ രൂക്ഷമായ കുരുക്കും ദുരിതവും തുടർന്നു. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് കോഴിക്കോട്, മഞ്ചേരി, മലപ്പുറം, കോട്ടക്കൽ, വളാഞ്ചേരി ഭാഗങ്ങളിലേക്ക് പോവേണ്ട യാത്ര ബസുകളടക്കമുള്ളവയും അവിടെ നിന്ന് തിരികെ പെരിന്തൽമണ്ണ, പാലക്കാട് ഭാഗങ്ങളിലേക്ക് പോവേണ്ടവയും കുടുങ്ങി. പൊലീസ് തിരക്കൊഴിവാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകൾ പലതും അങ്ങാടിപ്പുറം ടൗണിനു സമീപം സർവിസ് അവസാനിപ്പിച്ചു. പെരിന്തൽമണ്ണ ഭാഗത്തേക്ക് ബൈപാസ് ജങ്ഷൻ വരെയും വളാഞ്ചേരി ഭാഗത്തേക്ക് വൈലോങ്ങര വരെയും മലപ്പുറം ഭാഗത്തേക്ക് ഓരോടംപാലം വരെയും കുരുക്ക് നീണ്ടു. യാത്രക്കാര്‍ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം ശക്തമായതോടെ താൽക്കാലികമായി കുഴിയടക്കൽ നിർത്തി. തുടർന്നാണ് പാതയില്‍ വാഹനങ്ങള്‍ നീങ്ങി തുടങ്ങിയത്.
പാലത്തിലെയും പരിസരങ്ങളിലെയും കുണ്ടും കുഴിയും അടച്ച് കാര്യക്ഷമമായി അറ്റകുറ്റപ്പണി നടത്തിയാൽ തന്നെ ഇവിടത്തെ ഗതാഗത കുരുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാനാകും. പക്ഷേ തിരക്കേറിയ തിങ്കളാഴ്ച ദിവസം കുഴിയടക്കാൻ തിരഞ്ഞെടുത്തതാണ് കുരുക്ക് ഇരട്ടിയാകാൻ കാരണമായതെന്ന് നാട്ടുകാരും യാത്രക്കാരും ബസ്, ഓട്ടോ ജീവനക്കാരും കുറ്റപ്പെടുത്തി. രാത്രികളിൽ കുഴിയടച്ചാൽ യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ പണി പൂർത്തിയാക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അങ്ങാടിപ്പുറം: ഗതാഗതക്കുരുക്കിലമരുന്ന അങ്ങാടിപ്പുറത്ത് റോഡിലെ കുഴിയടക്കാൻ സ്കൂൾ, ഓഫിസ് പ്രവൃത്തി ദിനത്തിൽ രാവിലെ തന്നെ തെരഞ്ഞെടുത്തതിനെതിരെ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി.
ജീവൻ രക്ഷാവാഹനങ്ങൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിലമർന്നു. വിഷയത്തിൽ വെൽഫെയർ പാർട്ടി ജില്ല കലക്ടർക്ക് പരാതി നൽകി. ജനങ്ങളുടെ ദുരിതം പരിഹരിച്ചില്ലെങ്കിൽ ബഹുജനപ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികളായ സൈതാലി വലമ്പൂർ, ശിഹാബ് തിരൂർക്കാട്, സക്കീർ അരിപ്ര, നസീമ മദാരി, ആഷിക് ചാത്തോലിയിൽ തുടങ്ങിയവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.