പുലാമന്തോൾ: പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിൽ വീണ്ടും സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. പുലാമന്തോൾ സ്റ്റാൻഡിൽ ബസുകൾ കയറിയില്ലെങ്കിൽ പൊലീസിനെ നിയോഗിച്ച് പിഴ ഈടാക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ കത്ത് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ബുധനാഴ്ച രാവിലെ തുടങ്ങിയ പണിമുടക്ക് കാരണം നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. പുലാമന്തോൾ സ്റ്റാൻഡിൽ ബസുകൾ കയറുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബർ 27നും ഈ റൂട്ടിലെ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.
വിഷയം ചർച്ച ചെയ്യാൻ പൊലീസിന്റെ നേതൃത്വത്തിൽ ജൂൺ ആറിന് ചർച്ച നടത്തുമെന്നും അതിന് ശേഷം ഭാവിപരിപാടികൾ ആലോചിക്കുമെന്നും ബസ് തൊഴിലാളി സംഘം അറിയിച്ചു.
പുലാമന്തോൾ: സ്വകാര്യ ബസുകളുടെ അപ്രതീക്ഷിത മിന്നൽ പണിമുടക്കിൽ യാത്രക്കാർ ബന്ധികളാക്കപ്പെടുന്നു. ഒരേ വിഷയവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പെരിന്തൽമണ്ണ - പട്ടാമ്പി റൂട്ടിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ വലയുന്നത്. കഴിഞ്ഞ ഒക്ടോബറിലും സമാന രീതിയിൽ പണിമുടക്കുണ്ടായിരുന്നു.
ബുധനാഴ്ച പെരിന്തൽമണ്ണ മുതൽ പട്ടാമ്പി വരെയുള്ള 25 കിലോമീറ്ററിനിടയിലെ വിവിധ സ്റ്റോപ്പുകളിൽ ബസ് കയറാനെത്തിയവർ കൊടുംചൂടിൽ നിസ്സഹായാവസ്ഥയിലായി. വിവിധ സ്റ്റാൻഡുകളിലും രാവിലെ മുതൽ നിരവധി പേരാണ് ബസ് കാത്തുനിന്ന് നിരാശരായി മടങ്ങിയത്. മിന്നൽ പണിമുടക്കിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.