പെരിന്തൽമണ്ണ: ഭൂമി തരംമാറ്റൽ സംബന്ധിച്ച് പലപ്പോഴായി ഇറങ്ങിയ ഉത്തരവുകൾക്കിടയിൽ വീടുവെക്കാനായി സാധാരണക്കാർ നൽകിയ അപേക്ഷകൾ തീർപ്പാവാതെ കിടക്കുന്നു. നിലമ്പൂർ, പെരിന്തൽമണ്ണ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിൽനിന്നുള്ള അപേക്ഷകൾ പെരിന്തൽമണ്ണ സബ്കലക്ടർ ഒാഫിസിൽ കെട്ടിക്കിടക്കുകയാണ്. കെട്ടിക്കിടക്കുന്നവക്ക് പുറമെ മാസത്തിൽ നൂറിന് മുകളിൽ അപേക്ഷകൾ പുതുതായി വന്നുകൊണ്ടിരിക്കുന്നു.
16 സെക്ഷൻ ക്ലർക്കുമാർ മറ്റു ജോലികൾക്കിടയിൽ ഇത്തരം ഫയലുകൾ നോക്കുന്നതിന് പുറമെ എല്ലാ ശനിയാഴ്ചയും നിലം തരംമാറ്റൽ അപേക്ഷകൾ മാത്രം തീർപ്പാക്കുകയാണ്. നേരത്തേ വീടുവെച്ച് നമ്പറിന് കാത്തിരിക്കുന്നവരാണ് ഏറെ. ഡാറ്റാബാങ്കിൽനിന്ന് നീക്കാൻ ഫോം അഞ്ചിൽ ലഭിക്കുന്ന അപേക്ഷകൾ സബ്കലക്ടർ ഒാഫിസിൽനിന്ന് ആദ്യം കൃഷി ഒാഫിസുകളിലേക്ക് അയക്കും. ഇവിടെനിന്നുള്ള റിപ്പോർട്ടിനുശേഷമാണ് ഡാറ്റാബാങ്കിൽനിന്ന് നീക്കി വില്ലേജ് ഒാഫിസിലേക്ക് റിപ്പോർട്ട് അയക്കുക.
100 രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് ഭൂരേഖകളുടെയും നികുതി രസീതിയുടെയും പകർപ്പു സഹിതം അപേക്ഷിക്കണം. ഡാറ്റാ ബാങ്കിൽനിന്ന് നീക്കം ചെയ്താൽ പിന്നീട് 50 സെൻറിന് താഴെ ഫോം ആറിലും 50 സെൻറിന് മുകളിൽ ഫോം ഏഴിലും അപേക്ഷിക്കണം. 1000 രൂപ ഫീസ് അടച്ച ട്രഷറി ചലാൻ രസീതി കൂടെ വെക്കണം. 10 സെൻറ് വരെയുള്ള ഭൂമിയിൽ 120 എം സ്ക്വയർ വരെയുള്ള താമസവീട് നിർമിക്കുന്നതിനും അഞ്ചു സെൻറ് വരെയുള്ള ഭൂമിയിൽ 40 എം സ്ക്വയർ വാണിജ്യ കെട്ടിടം നിർമിക്കുന്നതിനും തദ്ദേശ സ്ഥാപന സെക്രട്ടറിയെ സമീപിക്കാം. ഈ അളവിനു മുകളിലുള്ള സ്ഥലങ്ങൾ തരംമാറ്റുന്നതിനാണ് ഫോം ആറും ഏഴും. നികുതി രസീതി, ലൈസൻസുള്ള സർവേയർ തയാറാക്കിയ സ്കെച്ച്, നിർമിക്കാനുള്ള കെട്ടിടത്തിെൻറ പ്ലാൻ, ഭൂമിയുടെ നാല് വശങ്ങളിൽ നിന്നുള്ള ഫോട്ടോ എന്നിവയും േവണം.
കാത്തിരിക്കുന്നവരിൽ 2008ന് മുമ്പ് വീടുവെച്ച് നമ്പർ കിട്ടിയവരും
പെരിന്തൽമണ്ണ: 2008ന് മുമ്പ് പെർമിറ്റെടുത്ത് വീടുവെച്ചവർ പുതുക്കി നിർമിക്കാനും വീട് വലുപ്പം കൂട്ടാനും പെർമിറ്റിനായി സമീപിച്ചപ്പോഴും ഡാറ്റാബാങ്ക് കെണി. 2008 ആഗസ്റ്റിലാണ് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിലായത്. അതിനുമുമ്പ് അനുമതിയോടെ വീട് വെച്ചവരാണ് വീടിന് മുകൾനില പണിയാൻ പെർമിറ്റ് തേടിയപ്പോൾ സമർപ്പിച്ച ആധാരം കോപ്പി വെച്ച് ഡാറ്റാ ബാങ്കിലുള്ള ഭൂമിയാണെന്നും തരംമാറ്റാതെ അനുമതി നൽകാനാവില്ലെന്നും പറഞ്ഞ് മടക്കുന്നത്. 2004ൽ വീടുവെച്ചയാൾക്ക് പോലും മുകൾ നില നിർമിക്കാൻ പെർമിറ്റിന് സമീപിച്ചപ്പോൾ നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.