പെരിന്തൽമണ്ണ: ബാങ്ക് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങി പലിശ കുന്നുകൂടി ജപ്തി നടപടി നേരിടുന്നവർക്കായി ജില്ലയിൽ താലൂക്ക് ആസ്ഥാനങ്ങളിൽ 19, 20 തീയതികളിൽ അദാലത്ത്. തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി, പെരിന്തൽമണ്ണ താലൂക്കുകളിൽ രണ്ടു ദിവസവും നിലമ്പൂർ, ഏറനാട് താലൂക്കുകളിൽ 20നു മാത്രം ഒരു ദിവസവുമാണ് അദാലത്ത്. ബാങ്ക് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങി ജില്ലയിൽ ജപ്തി നടപടി നേരിടുന്നവരുടെ എണ്ണം വർധിക്കുന്നതായാണ് കണക്ക്. പ്രാഥമിക സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുത്തവർ ഒഴികെയാണ് അദാലത്ത്. ശരാശരി 800 മുതൽ 1000 വരെ പേരാണ് ഓരോ താലൂക്കിലും റവന്യൂ റിക്കവറി നേരിടുന്നവരുടെ എണ്ണം. തിരിച്ചടവ് മുടങ്ങിയതോടെ പലയാവൃത്തി ബാങ്കുകൾ ശ്രമിച്ചിട്ടും തിരിച്ചടച്ച് നടപടി ഒഴിവാക്കാതെയാണ് ജപ്തിയിലേക്ക് നീണ്ടത്.
ബാങ്കുകൾ തന്നെ ശ്രമിച്ച് പരാജയപ്പെട്ടവയാണ് റവന്യൂ റിക്കവറിക്കായി കലക്ടർക്ക് നൽകുന്നത്. ഓരോ താലൂക്കിലും ഇതിന് ഒരു ഡെപ്യൂട്ടി തഹസിൽദാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകൾക്ക് ലഭിക്കേണ്ട വായ്പതുകയും പലിശയും അടക്കം റിക്കവറി നടത്തി തിരിച്ചുവാങ്ങി നൽകുകയാണ് ചുമതല. അഞ്ചു ലക്ഷം രൂപവരെയുള്ളവക്ക് അഞ്ചു ശതമാനവും അഞ്ചു ലക്ഷത്തിന് മുകളിലാണെങ്കിൽ 7.5 ശതമാനവുമാണ് റിക്കവറി നിരക്കായി സർക്കാറിലേക്ക് ലഭിക്കുക. ഒറ്റത്തവണ തീർപ്പാക്കാനായാണ് അദാലത്ത് നടത്തുന്നത്. ഇങ്ങനെ തീർന്നാൽ തുകയുടെ ഒരു ശതമാനമാണ് സർക്കാറിലേക്ക്. ഒറ്റത്തവണ തീർപ്പാക്കാനായാണ് റവന്യൂ വകുപ്പ് മുൻകൈ എടുത്ത് അദാലത്ത് നടത്തുന്നത്.
ഇതുവരെ നടന്ന അദാലത്തുകളിൽ ശരാശരി 10 മുതൽ 20 വരെ ശതമാനം ആളുകളേ അദാലത്തിനെത്തുന്നുള്ളൂ. പലിശയിൽ ഇളവു നൽകി ബാധ്യതയിൽ നിന്ന് ഒഴിവാക്കാൻ ബാങ്കുകൾ വേണ്ടത്ര ഉദാരത കാണിക്കുന്നില്ലെന്നും റവന്യൂ റിക്കവറിക്ക് കൈമാറിയാൽ തങ്ങളുടെ ബാധ്യത തീർന്നെന്ന നിലപാട് സ്വീകരിക്കുന്നതായും ബാങ്കുകൾക്കെതിരെ പരാതിയുണ്ട്. ഏറനാടും പെരിന്തൽമണ്ണയിലും സഹകരണ കാർഷിക ഗ്രാമീണ വികസന ബാങ്കിൽ നിന്ന് വായ്പയെടുത്തവരാണ് അദാലത്തിലേക്ക് വിളിക്കപ്പെട്ടവരിൽ കൂടുതൽ. മലപ്പുറം ജില്ല സഹകരണ ബാങ്ക്, കനാറ ബാങ്ക് എന്നിവയിൽ നിന്ന് വായ്പയെടുത്തവരുമുണ്ട്. പൊതുമേഖല ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് നടപടി നേരിടുന്നവർ നന്നേ കുറവാണ്. നടപടി നേരിടുന്നവരെ കത്തയച്ച് അദാലത്തിന് വിളിച്ചുവരുത്തും. വില്ലേജ് ഓഫിസുകൾക്ക് പട്ടിക അയച്ച് നൽകിയാണ് വായ്പക്കാരെ വിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.