പെരിന്തൽമണ്ണ: ജലജീവൻ മിഷനിൽ തദ്ദേശസ്ഥാപനങ്ങൾ പദ്ധതിതുകയുടെ 15 ശതമാനവും ഗുണഭോക്താക്കൾ പത്ത് ശതമാനവും വഹിക്കാനുള്ള നിർദേശം മിക്കയിടത്തും പാലിക്കാനാകുന്നില്ല. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ പൈപ്പുകൾ നീട്ടൽ മാത്രമായിരുന്നെങ്കിൽ രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോൾ പുതിയ ടാങ്കുകളും ട്രീറ്റ്മെന്‍റ് പ്ലാന്‍റുകളുടക്കം ചെലവേറിയ പ്രവർത്തനങ്ങളാണ് വരുന്നത്. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാർ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ 40 ശതമാനം കേന്ദ്രം, 35 ശതമാനം സംസ്ഥാനം, 15 ശതമാനം തദ്ദേശ സ്ഥാപനം, പത്ത് ശതമാനം ഗുണഭോക്താക്കൾ എന്നിങ്ങനെയാണ് വിഹിതം. ഇതിൽ പൈപ്പുകൾ നീട്ടാനും മറ്റും ഇതിനകം തദ്ദേശസ്ഥാപനങ്ങൾ ഗുണഭോക്താക്കളിൽ നിന്ന് പിരിച്ച പണം സർക്കാർ സ്വീകരിച്ചിട്ടില്ല.
മുന്നൂറും നാനൂറും കോടി രൂപ അടങ്കൽ വരുന്ന പദ്ധതികൾ ജലജീവൻ മിഷനിൽ നിർദേശിച്ച് ഭരണാനുമതിയായിട്ടുണ്ട്. ഇവക്ക് തദ്ദേശ സ്ഥാപനങ്ങൾ കോടികൾ കണ്ടെത്തണം. പത്ത് ശതമാനം വരെ നാട്ടുകാരിൽ നിന്ന് പിരിക്കണം. സംസ്ഥാനത്ത് 406 ഗ്രാമപഞ്ചായത്തുകൾ അഞ്ച് കോടി രൂപയിലധികമുള്ള പദ്ധതികൾ ഏറ്റെടുക്കുന്നുണ്ട്.
313 കോടി അടങ്കൽ കണക്കാക്കിയാണ് വെട്ടത്തൂർ, കീഴാറ്റൂർ, മേലാറ്റൂർ പഞ്ചായത്തുകളിലേക്ക് ഭരണാനുമതിയായത്. 31 കോടി നാട്ടുകാരിൽ നിന്ന് പിരിക്കുന്ന ഗുണഭോക്തൃ വിഹിതവും, 46.5 കോടി മൂന്ന് തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് കണ്ടെത്തിയാലേ മാനദണ്ഡ പ്രകാരം പദ്ധതി പൂർത്തിയാവൂ. നിശ്ചിത വിഹിതത്തിന് പുറമെ തദ്ദേശ സ്ഥാപനങ്ങൾ ടാങ്ക് നിർമിക്കാനടക്കമുള്ള ഭൂമി കൂടി പണം നൽകി വാങ്ങണം. പദ്ധതിക്ക് സംസ്ഥാന സർക്കാർ നൽകുന്ന വിഹിതം ഉയർത്തണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെയും എം.എൽ.എമാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.