പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ രണ്ട് ഓവർസിയർമാരെ മാറ്റിയതിന് പിറകെ അസിസ്റ്റൻറ് എൻജിനീയറെയും മാറ്റിയതോടെ എൻജിനീയറിങ് വിഭാഗം പ്രവർത്തനം നിലച്ച സ്ഥിതിയിലായി. രണ്ട് ഓവർസിയർമാർ ഒന്നര മാസം മുമ്പ് സ്ഥലം മാറിപ്പോയിരുന്നു. തിങ്കളഴ്ച എ.ഇയെ തുവ്വൂരിലേക്ക് മാറ്റിയതോടെയാണ് എൻജിനീയറിങ് വിഭാഗം അനാഥമായത്. ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് തദ്ദേശ വകുപ്പ് ആസ്ഥാനത്തെത്തി പഞ്ചായത്ത് പ്രസിഡൻറും സഹപ്രവർത്തകരും പ്രശ്നം മന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
നാലു ക്ലർക്കുമാർ വേണ്ടതിൽ രണ്ടു സീനിയർ ക്ലർക്ക് മാത്രമാണുള്ളത്. കെട്ടിട നിർമാണത്തിന് പെർമിറ്റിനും പൂർത്തിയായവക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റിനും കെട്ടിടത്തിന് നമ്പർ ലഭിക്കാനും നിരന്തരം ഓഫിസിൽ കയറി ഇറങ്ങുകയാണ് ആളുകൾ. ഇക്കാര്യം സർക്കാറിന്റെയും തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെയും ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരമില്ലെന്ന് ജനപ്രതിനിധികൾ കുറ്റപ്പെടുത്തി. സി.പി.എം ഭരിച്ചിരുന്ന പഞ്ചായത്ത്, 2020ലെ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിന് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.
അന്നു മുതൽ വകുപ്പുതലത്തിൽ നിസ്സഹകരണ മനോഭാവമാണ് പഞ്ചായത്തിനോടെന്ന് അധികൃതർ ആരോപിക്കുന്നു. 23 വാർഡുകളിലായി 60,000 ആണ് ജനസംഖ്യ. നഗരസഭകളിൽ പോലും ഇത്ര ജനസംഖ്യ ഉണ്ടാകാറില്ല. വലിപ്പം കൊണ്ടു മുന്നിലാണ് അങ്ങാടിപ്പുറം. അസിസ്റ്റൻറ് എൻജിനീയറോ ഓവർസിയർമാരോ ഇല്ലാത്തതിനാൽ വാർഷിക പദ്ധതി നിർവഹണവും താളംതെറ്റുകയാണ്. എസ്റ്റിമേറ്റ് എടുക്കാനോ പദ്ധതികൾ നിർവഹണഘട്ടത്തിലേക്ക് എത്തിക്കാനോ കഴിയുന്നില്ല. ഒരിക്കൽ കൂടി മന്ത്രിയുട ശ്രദ്ധയിൽ വിഷയം കൊണ്ടുവരാൻ ഒരുങ്ങുകയാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.