പെരിന്തൽമണ്ണ: എരവിമംഗലം ചക്കുംപുലാക്കൽ തറവാട്ട് മുറ്റത്ത് നിറപറയും നിറദീപവുമായി ഇത്തവണയും തിരുവോണത്തിന് വരവേൽപ്പൊരുക്കി. ചാണകമെഴുകിയ നിലത്ത് അരിമാവ് കൊണ്ട് കോലം വരച്ച് പൂക്കളമിട്ട് തൃക്കാക്കരയപ്പനെ വെച്ച് നിറപറയും നിറദീപവുമായി ഓലക്കുട ചൂടിയാണ് തിരുവോണത്തിന് ആദരവ് നൽകിയത്. ഓണത്തിനും വിഷുവിനും തിരുവാതിരക്കും ഇത്തരം പാരമ്പര്യ ആഘോഷ രീതികളും ചടങ്ങുകളും ഇവിടെ മുടങ്ങാറില്ലെന്ന് കുടുംബം പറഞ്ഞു.
പെരിന്തൽമണ്ണ: സായി സ്നേഹതീരം ട്രൈബല്‍ ഹോസ്റ്റലിലെ വിദ്യാർഥികൾ സൗദൃദ സംഗമത്തോടെ ഓണം ആഘോഷിച്ചു. മലപ്പുറം കാവുങ്ങൽപറമ്പിലെ ശ്രുതിലയ വനിത കൂട്ടായ്മ തിരുവാതിര അവതരിപ്പിച്ചു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി സജു കെ. എബ്രഹാം, താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സോഫിയ, ഡോ. കൊച്ചു എസ്. മണി, ഡോ. ഫവാസ് അലി, ഡോ. പി. കൃഷ്ണദാസ്, ബിജുമോൻ പന്തിരുകുലം, കെ.ആർ. രവി തുടങ്ങിയവർ സംസാരിച്ചു.
ഹോസ്റ്റൽ അന്തേവാസികളായ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. മുഴുവൻ വിദ്യാർഥികള്‍ക്കും നജീബ് കാന്തപുരം എം.എൽ.എ ഓണക്കോടി നൽകി. 58 വിദ്യാർഥികളുമായി സ്ഥാപന അധികൃതർ വെള്ളിയാഴ്ച പെരിന്തൽമണ്ണയിലെ വസ്ത്രശാലയിലെത്തിയാണ് ഓണക്കോടിയെടുത്തത്.
നജീബ് കാന്തപുരം എം.എൽ.എയും കുട്ടികളോടൊപ്പം എത്തിയിരുന്നു. ഹോസ്റ്റലിലെ എല്ലാവരും ഒരുമിച്ച് ഷോപ്പിങ്ങിനിറങ്ങുന്നത് ആദ്യമാണ്. പെരിന്തൽമണ്ണ താഴേക്കോട്, മങ്കട എന്നിവിടങ്ങളിലെ ആദിവാസി മേഖലയിലെ കുട്ടികളാണ് ഇവിടെ താമസിച്ച് സമീപത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നത്.
പെരിന്തൽമണ്ണ: ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോ. ഓണാഘോഷവും പായസവിതരണവും നടത്തി. പെരിന്തൽമണ്ണ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആഘോഷത്തിൽ വയനാട് ദുരന്തത്തിൽ സേവനം നടത്തിയ ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു.
ആംബുലൻസ് അസോ. പെരിന്തൽമണ്ണ മേഖല കമ്മിറ്റി പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ ഷബീർ കൊളത്തൂർ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ഷാൻസി നന്ദകുമാർ, ഗൈനക്കോളജിസ്റ്റ് ഡോ. പി.എസ്. റസീന, കെ.എൻ. ലത്തീഫ്, നിഖിൽ വെങ്ങാട്, കാവണ്ണയിൽ റഷീദ്, അനിൽ ഐപ്പ്, ഒ.പി. സുനിൽദാസ്, വി. സജീഷ്, ഇ.സി. ലിനോജ്, ഇ.സി. നിഷാദലി, പി.കെ. ഷാനവാസ് എന്നിവർ സംസാരിച്ചു. പായസവിതരണം നടത്തി.
വെട്ടത്തൂർ: മാലിന്യമുക്ത കേരളം നവകേരളം പരിപാടിയോടനുബന്ധിച്ച് ഓണാഘോഷ ഭാഗമായി മണ്ണാർമല പി.ടി.എം.യു.പി സ്കൂളിൽ അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ ഹരിത കർമസേനാംഗത്തെ ആദരിച്ചു. പ്രധാനാധ്യാപിക വി.സി. റഹ്മത്ത്, വാർഡ് അംഗം ഹൈദർ തൊരപ്പ, മുൻ പി.ടി.എ പ്രസിഡൻറ് നിഷാദ് കോഴിശ്ശേരി, എം.ടി.എ പ്രസിഡന്റ് റുമൈസ എന്നിവർ സംബന്ധിച്ചു.
പൂപ്പലം: വെൽഫെയർ പാർട്ടി പൂപ്പലം യൂനിറ്റ് ഓണക്കിറ്റ് വിതരണവും തുറക്കൽ യൂനിറ്റ് സമ്മേളനവും ജില്ല സെക്രട്ടറി കാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു. പൂപ്പലം യൂനിറ്റ് പ്രസിഡന്റ് ഷാജിദ് വടക്കേതിൽ അധ്യക്ഷത വഹിച്ചു.
പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ, സെക്രട്ടറി ശിഹാബ്, സക്കീർ തുടങ്ങിയവർ പങ്കെടുത്തു. മജീദ്, ഫാസിൽ സുബൈർ, അബൂബക്കർ എന്നിവർ സംസാരിച്ചു. തുറക്കൽ യൂനിറ്റ് പ്രസിഡന്റായി സുന്ദരനെയും സെക്രട്ടറിയായി ലക്ഷ്മിയെയും ട്രഷററായി രാമനെയും തിരഞ്ഞെടുത്തു.
പുലാമന്തോൾ: ഓണം ആഘോഷിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഉത്സവബത്ത പുലാമന്തോളിൽ വിതരണം ചെയ്തു. ഹരിത കർമ സേനാംഗങ്ങൾക്കുള്ള വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ നിർവഹിച്ചു.
ഹരിത കർമ സേനാംഗങ്ങളായ 30 പേർക്കാണ് 1000 രൂപ വീതം നൽകിയത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. മുഹമ്മദ് മുസ്തഫ, ഭരണസമിതി അംഗങ്ങളായ വി.പി. മുഹമ്മദ് ഹനീഫ, ലില്ലി കുട്ടി, സി.ഡി.എസ് ചെയർപേഴ്സൻ വി.പി. ജിഷ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി. ബിനുരാജ്, അസി. സെക്രട്ടറി എ. മുരളീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.