പെരിന്തൽമണ്ണ: പരിയാപുരത്ത് ഡീസൽ കണ്ടെത്തിയ ആറ് കിണറുകളിലെയും വെള്ളം ഉപയോഗിക്കരുതെന്ന് നിർദേശം. ഈ കിണറുകൾക്ക് തൊട്ടടുത്തുള്ള കിണറുകളിലെ വെള്ളം ഉപയോഗിക്കാതിരുന്നാൽ ഡീസൽ വ്യാപനം കുറക്കാനാകുമെന്നും ഉദ്യോഗസ്ഥർ ജനങ്ങളെ അറിയിച്ചു. ജലത്തിൽ വളരെ ചെറിയ അളവിൽ പോലും ഡീസലിന്റെ അംശമുണ്ടെങ്കിൽ മണവും രുചി വ്യത്യാസവും ഉണ്ടാകും. വെള്ളത്തിന് മുകളിൽ ഡീസലിന്റെ പാടയും പ്രത്യക്ഷപ്പെടും. ഇങ്ങനെയുണ്ടെങ്കിൽ മാത്രം വെള്ളം ഉപയോഗിക്കരുതെന്ന് ഭൂഗർഭ ജലവകുപ്പ് ഉദ്യോഗസ്ഥർ വിശദമാക്കി.
നാട്ടുകാർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ 10.30ന് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ മഞ്ഞളാംകുഴി അലി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിയാപുരം ജനകീയ സമിതി ഭാരവാഹികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. സഈദ, വൈസ് പ്രസിഡന്റ് ഷെബീർ കറുമുക്കിൽ, ജില്ല പഞ്ചായത്ത് അംഗം പി. ഷഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസി അനിൽ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സൗഫിയ തവളേങ്ങൽ, പഞ്ചായത്ത് അംഗങ്ങളായ അനിൽ പുലിപ്ര, കെ.ടി. നാരായണൻ, വി. സുനിൽ ബാബു, അൻവർ സാദത്ത്, ശിഹാബ്, ജനകീയ സമിതി ഭാരവാഹികളായ ഫാ. ജെയിംസ് വാമറ്റത്തിൽ, ഏലിയാമ്മ തോമസ്, മനോജ് വീട്ടുവേലിക്കുന്നേൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അമീർ പാതാരി, സൽമാൻ ഫാരിസ്, സാബു കാലായിൽ, ആഷിഖ് പാതാരി എന്നിവർ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിശദീകരിച്ചു.
പഞ്ചായത്തിലെ യോഗത്തിനുശേഷം എം.എൽ.എയുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പരിയാപുരത്ത് ടാങ്കർ മറിഞ്ഞ അപകടസ്ഥലവും ഡീസലിന്റെ അളവ് കൂടുതലായി കണ്ടെത്തിയ സേക്രഡ് ഹാർട്ട് കോൺവെൻറിലെയും കൊല്ലറേട്ട് മറ്റത്തിൽ ബിജുവിന്റെയും കിണറുകളും സന്ദർശിച്ചു. ജനകീയ സമിതി ഭാരവാഹികളും നാട്ടുകാരും തങ്ങളുടെ അടിയന്തര ആവശ്യങ്ങൾ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. റിപ്പോർട്ട് ഉടൻ തന്നെ കലക്ടർക്ക് കൈമാറുമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ഡീസൽ കലരാത്ത കിണറുകളിലെ വെള്ളം ഉപയോഗിക്കാമെന്നും സമീപവാസികൾ ആശങ്കപ്പെടേണ്ടെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
അങ്ങാടിപ്പുറം: ഡീസൽ കലർന്ന ആറുകിണറുകളിലെയും ജലം ടാങ്കർ ലോറികളിൽ എത്രയും വേഗം നീക്കം ചെയ്താൽ വ്യാപനം തടയാനാകും. കോൺവെൻറിലെയും സമീപത്തെ ബിജുവിന്റെയും കിണറുകളിലെ വെള്ളം മൂന്നുതവണ ഇതിനകം ടാങ്കർ ലോറിയിൽ നീക്കി. ശക്തമായ നീരുറവയുള്ള ഈ കിണറുകളിൽനിന്നും തുടർന്നും ഡീസൽ കലർന്ന ജലം ഒഴിവാക്കണം. മറ്റു നാലു കിണറുകളിലെയും ജലം ടാങ്കറുകളിൽ നീക്കംചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.