പെരിന്തൽമണ്ണ: നഗരസഭ ബി.ഒ.ടി അടിസ്ഥാനത്തിൽ മത്സ്യമാർക്കറ്റ് നിർമിക്കാനുദ്ദേശിച്ച് ഏറ്റെടുത്ത ഭൂമിയോട് ചേർന്ന് ശേഷിക്കുന്ന ഭൂമികൂടി ഏറ്റെടുക്കാൻ നടപടി തുടങ്ങി. മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട് 94.75 സെന്റ് സ്ഥലമാണ് നിർമാണത്തിന് വേണ്ടി ഏറ്റെടുക്കേണ്ടിയിരുന്നത്. അതിൽ 48.75 സെന്റ് ഭൂമി 15 വർഷം മുമ്പ് നഗരസഭ ഏറ്റെടുത്തിട്ടുണ്ട്. പെരിന്തൽമണ്ണ ജൂബിലി റോഡിന് സമീപം ജനവാസമേഖലയിലാണിത്.
ഇവിടെ മത്സ്യമാർക്കറ്റ് ആരംഭിക്കാൻ പ്രായോഗിക ബുദ്ധമുട്ടുകളുണ്ടെന്നും പരിസരവാസികൾക്ക് സ്വൈരജീവിതം ഇല്ലാതാവുമെന്നും തീരാത്ത മാലിന്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുമടക്കം വിഷയങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ തന്നെ നഗരസഭ തീരുമാനത്തിനെതിരെ പ്രദേശവാസികൾ സമരവുമായി രംഗത്തുണ്ടായിരുന്നു. 2005 മുതൽ 2010 വരെയുള്ള നഗരസഭ ഭരണസമിതിയുടെ കാലത്താണ് ഇവിടെ ബി.ഒ.ടി. അടിസ്ഥാനത്തിൽ മത്സ്യമാർക്കറ്റ് വിഭാവന ചെയ്തത്.
എന്നാൽ പലവിധ എതിർപ്പുകളിലാണ് പദ്ധതി നടക്കാതെ പോയത്. ഏറ്റെടുത്ത ഭാഗത്ത് മത്സ്യമാർക്കറ്റല്ലാതെ ഗുണകരവും വരുമാനാധിഷ്ഠിതവുായ മറ്റേത് പദ്ധതി ആരംഭിക്കണമെങ്കിലും കൂടുതൽ ഭൂമി വേണം. പദ്ധതിക്ക് നേരത്തെ കണക്കാക്കിയതിൽ 46 സെന്റ് ഭൂമി കൂടി ഏറ്റെടുക്കാനാണ് ഇപ്പോൾ ധാരണ. ഇത് കൃത്യമായി അളന്നു തിട്ടപ്പെടുത്താനും ഏറ്റെടുക്കൽ തുക എത്രയെന്ന് കണക്കാക്കാനും സർക്കാറിലേക്ക് കത്ത് നൽകാൻ തിങ്കളാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.
ഫീസ് എത്രയെന്ന് കണക്കാക്കി സർക്കാറുമായി ആലോചിച്ച് തുടർനടപടി പൂർത്തിയാക്കും. ഇക്കാര്യങ്ങൾ വ്യക്തമാക്കിയാണ് കത്ത് നൽകുക. അതേസമയം ഇവിടെ മത്സ്യമാർക്കറ്റ് നിർമിക്കാനുള്ള നടപടിയിൽനിന്ന് പിന്തിരിയണമെന്നും ഏറ്റെടുത്ത ഭൂമിയിൽ മറ്റു ഫലപ്രദമായ പദ്ധതികൾ കൊണ്ടുവരണമെന്നുമായിരുന്നു പരിസരവാസികളുടെ ആവശ്യം. ഇതിന്റെ കൂടി ഭാഗമായാണ് ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.