പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സിയിൽ ജി.പി.എസ് ഘടിപ്പിക്കാൻ കരാർ ലഭിച്ച സ്ഥാപനവുമായി കൈകോർത്ത് അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളജ്. ഇൻഡസ്ട്രി ഓൺ കാമ്പസ് പദ്ധതി പ്രകാരം വിവിധ ജില്ലകളിലും സമീപങ്ങളിലും ഉള്ള ഡിപ്പോകളിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ വിദ്യാർഥികളാണ് ജി.പി.എസ് ഘടിപ്പിക്കുക. അങ്ങാടിപ്പുറം ഗവ. പോളിയിലെ രണ്ടാംവർഷ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ട്രേഡുകളിൽ അഭിമുഖം നടത്തി 35 പേരെ തിരഞ്ഞെടുത്തു.
കൊല്ലം ആസ്ഥാനമായ പൊതുമേഖല സ്ഥാപനം യുനൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനാണ് കെ.എസ്.ആർ.ടി.സിയിൽ ജി.പി.എസ് ഘടിപ്പിക്കാൻ കരാർ ലഭിച്ചത്. ഈ സ്ഥാപനവുമായി കൈകോർത്താണ് വിദ്യാർഥികൾ മെഷീൻ സ്ഥാപിക്കുക. ജി.പി.എസിന് ഡിവൈസ്, എമർജൻസി ബട്ടൺ എന്നീ ഭാഗങ്ങളാണുള്ളത്. വാഹനത്തിന്റെ ഡാഷ്ബോർഡ് അഴിച്ച് വയർ അതിലേക്ക് ബന്ധിപ്പിക്കണം. ഗതാഗത വകുപ്പിന്റേതാണ് ജി.പി.എസ് പദ്ധതി.
നിലമ്പൂർ, പെരിന്തൽമണ്ണ, മണ്ണാർക്കാട്, മലപ്പുറം, എടപ്പാൾ എന്നിവിടങ്ങളിലെ ഡിപ്പോകളിലാണ് ബസുകളിൽ ജി.പി.എസ് ഘടിപ്പിക്കുക. ഫിറ്റ്നസിന് പോവുമ്പോഴാണ് ജി.പി.എസ് ഘടിപ്പിക്കുക. 20 വിദ്യാർഥികളെ പങ്കെടുപ്പിച്ച് വെള്ളിയാഴ്ച പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ഒരു ബസിന് 300 രൂപ വെച്ചാണ് കരാറെടുത്ത സ്ഥാപനവുമായി ധാരണയായത്. ഇതിൽ 80 ശതമാനം തുക വിദ്യാർഥികൾക്കും 10 ശതമാനം വീതം ജീവനക്കാർക്കും കോളജിനുമാണ്.
വിദ്യാർഥികളുടെ പഠനത്തിന്റെ ഇടവേളകളിലും അവധി ദിനങ്ങളിലും മാത്രമാണ് ജോലി ചെയ്യുക. പഠനത്തോടൊപ്പം ചെറിയ വരുമാനവും ലഭ്യമാക്കുന്നതിനാണിത്. ഒരു വണ്ടിയിൽ ജി.പി.എസ് ഘടിപ്പിക്കാൻ ഇലക്ട്രിക്കൽ, മെക്കാനിക്കൽ ട്രേഡുകളിലെ രണ്ടുപേരുണ്ടാവുമെന്ന് പ്രോജക്ട് കോഓഡിനേറ്റർ ഫർസാദ് പറഞ്ഞു. വേണ്ട വസ്തുക്കൾ കരാറെടുത്ത പൊതുമേഖല സ്ഥാപനം വാങ്ങി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.